വിശ്വാസവും യുക്തിയും തമ്മിൽ സംഘർഷമില്ല: ഫ്രാൻസിസ് പാപ്പാ

വിശ്വാസവും യുക്തിയും തമ്മിൽ ഒരു നൈസർഗ്ഗീകമായ സ്വരചേർച്ചയുണ്ടെന്ന് തെളിയിക്കുവാൻ വിശുദ്ധ തോമസ് അക്വിനാസിനു കഴിഞ്ഞുവെന്ന് ഫ്രാൻസിസ് പാപ്പാ. വി. തോമസ് അക്വിനാസിന്റെ ഫ്രത്തേണിദാദ് ദെ അഗ്രൂപ്പസിയോനെസിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ ആണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

വിശുദ്ധ തോമസ് അക്വിനാസ് ജീവിച്ചിരുന്ന ചരിത്രപരമായ കാലഘട്ടത്തിലും അതിന്റേതായ വെല്ലുവിളികൾ ഉണ്ടായിരുന്നു. ഗ്രീക്ക് തത്വചിന്തകനായ അരിസ്റ്റോട്ടിലിന്റെ ചിന്തകളെ കണ്ടെത്തുന്ന കാലമായിരുന്നു അത്. അരിസ്റ്റോട്ടിലിന്റെ വിജാതീയ ചിന്തകൾ ക്രൈസ്തവ വിശ്വാസവുമായി സംഘർഷത്തിലാവുമെന്ന ഭയം മൂലം അദ്ദേഹത്തിന്റെ കൃതികൾ പഠിക്കുവാൻ ചിലർ വിമുഖത കാണിച്ചു. എന്നിരുന്നാലും, അരിസ്റ്റോട്ടിലിന്റെ ഭൂരിഭാഗം കൃതികളും ക്രൈസ്തവ വെളിപാടുമായി പൊരുത്തപ്പെടുന്നതാണെന്ന് കണ്ടെത്തിയ വി. തോമസിന് വിശ്വാസവും യുക്തിയും തമ്മിൽ ഒരു നൈസർഗ്ഗീകമായ സ്വരചേർച്ചയുണ്ടെന്ന് കാണിക്കാൻ കഴിഞ്ഞുവെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ഈ സമ്പന്നത മൗലീകവാദവും, മതഭ്രാന്തും, പ്രത്യയശാസ്ത്രങ്ങളും മറികടക്കാൻ അത്യാവശ്യമാണെന്ന് പാപ്പാ വ്യക്തമാക്കി.

വി.തോമസ് അക്വിനാസ് നമുക്ക് നൽകിയിട്ടു പോയ മറ്റൊരു സാക്ഷ്യം, പരിശുദ്ധ കുർബ്ബാനയിലെ യേശുവിന്റെ യഥാർത്ഥ സാന്നിധ്യം ആരാധിക്കുന്ന അദ്ദേഹത്തിന്റെ ദൈവവുമായുള്ള ആഴമായ ബന്ധമായിരുന്നു. അദ്ദേഹത്തിന്റെ ആത്മീയത, ദൈവത്തിന്റെ രഹസ്യം കണ്ടെത്താൻ അദ്ദേഹത്തെ സഹായിക്കുകയും, കഴിവുകൾ തന്റെ എഴുത്തുകൾക്ക് രൂപം നൽകാൻ ഇടയാക്കുകയും ചെയ്തു എന്ന് ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിച്ചു.

പൊന്തിഫിക്കൽ അംഗീകാരമുള്ള ഈ അന്തർദ്ദേശിയ അൽമായ കൂട്ടായ്മയുടെ അറുപതാം വാർഷികം പ്രമാണിച്ചായിരുന്നു കൂടിക്കാഴ്ച. അവരെ അഭിസംബോധന ചെയ്തു കൊണ്ട് അവരുടെ കൂട്ടായ്മയുടെ (FASTA) സ്ഥാപകന് രണ്ടാം വത്തിക്കാൻ കൗൺസിലിൽ നിന്നു വന്ന പഠനങ്ങൾക്ക് സംഭാവന ചെയ്യാനുണ്ടായിരുന്ന ആഗ്രഹം പാപ്പാ അടിവരയിട്ടു വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.