ക്രിസ്തുഹൃദയത്തിന്റെ അടയാളമാണ് ഓരോ മിഷനറിയും: ഫ്രാൻസിസ് പാപ്പാ

ക്രിസ്തുഹൃദയത്തിന്റെ അടയാളമാണ് ഓരോ മിഷനറിയും എന്ന് ഫ്രാൻസിസ് പാപ്പാ. സ്വഭാവത്താലെ പ്രേഷിതയായ സഭയിൽ അംഗങ്ങളായ എല്ലാവർക്കും ഈ ദൗത്യം മുന്നോട്ടു കൊണ്ടുപോകാനുള്ള കടമയുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പരിശുദ്ധാത്മാവിന്റെ ദാനം സ്വീകരിച്ചുകൊണ്ട് യേശുവിന്റെ പ്രവർത്തനങ്ങൾ തുടരാൻ ലോകത്തിലേക്ക് അയക്കപ്പെടുന്ന ഓരോ ക്രിസ്ത്യാനിയും സുവിശേഷത്തിന്റെ സന്തോഷം മുറിവേറ്റ ഹൃദയങ്ങളിലേക്ക് വഹിക്കണമെന്നും പാപ്പാ പറഞ്ഞു.

ഈ ശിഷ്യത്വം കൈവരുന്നത് ക്രിസ്തുസ്നേഹത്തിനു നമ്മെത്തന്നെ വിട്ടുകൊടുക്കുമ്പോഴാണ്. അങ്ങനെ യേശുവിന്റെ വിലാവിൽ നിന്നുമൊഴുകുന്ന കരുണയുടെയും സ്വാന്തനത്തിന്റെയും വാഹകരായി മാറാൻ നമുക്ക് സാധിക്കുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു. അതിനാൽ നമ്മുടെ ബലഹീനവും കുത്തഴിഞ്ഞതുമായ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ വരവിനായി നാം ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും വേണമെന്നും പാപ്പാ എടുത്തുപറഞ്ഞു. പിതാവ് നമ്മോട് കാണിക്കുന്ന ഈ സ്നേഹം മറ്റുള്ളവർക്ക് പകർന്നുനല്കുകയാണ് ഓരോ ക്രിസ്ത്യാനിയും ചെയ്യണ്ടതെന്നും അതിനാൽ നാം ക്രിസ്തുഹൃദയത്തിന്റെയും ദൈവപിതാവിന്റെ സ്നേഹത്തിന്റെയും അടയാളമായി ഈ ലോകത്തിൽ പ്രേഷിതരായി മാറണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

പൊന്തിഫിക്കൽ മിഷൻ പ്രവർത്തനങ്ങളുടെ ചൈതന്യം എല്ലാവരുടെയും ജീവിതത്തിൽ സുവിശേഷവത്ക്കരണത്തിന് ഇടവരുത്തട്ടെയെന്നും പണത്തിനുമപ്പുറം പ്രേഷിതപ്രവർത്തനങ്ങൾ നടത്താനും പരിശുദ്ധാത്മ ചൈതന്യത്തിൽ പ്രേഷിതജീവൻ പ്രദാനം ചെയ്യാൻ പൊന്തിഫിക്കൽ മിഷൻ പ്രവർത്തനങ്ങൾക്ക് സാധിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു. കണ്ണുകൾ തുറന്ന് യാഥാർത്ഥ്യങ്ങൾ മനസിലാക്കി സാഹോദര്യത്തിന്റെ ഒരു പുതിയ ലോകം സ്വപ്നം കാണാനും അത് നിറവേറ്റാനും എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്ന ആഹ്വാനവും പാപ്പാ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.