യുദ്ധം പടരുന്നത് തടയാനും ‘യുദ്ധത്തിന്റെ ഭ്രാന്ത്’ അവസാനിപ്പിക്കാനും യൂറോപ്യൻ യൂണിയൻ മെത്രാന്മാരുടെ അഭ്യർത്ഥന

‘യുദ്ധത്തിന്റെ ഭ്രാന്ത്’ അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട്, യൂറോപ്യൻ യൂണിയൻ മെത്രാൻസമിതികളുടെ കമ്മീഷൻ (COMECE) ഉക്രൈനിലെയും പോളണ്ടിലെയും സമീപകാല സംഭവവികാസങ്ങളോട് പ്രതികരിച്ചുകൊണ്ട് യുദ്ധം പടർന്നുപിടിക്കുന്നത് ഒഴിവാക്കാനും യുദ്ധം അവസാനിപ്പിക്കാനുള്ള പരിഹാരം കണ്ടെത്താനും ആഹ്വാനം ചെയ്തു.

ഉക്രൈനിൽ യുദ്ധം തുടർന്നുകൊണ്ടു പോകുമ്പോൾ, യുദ്ധത്തിന്റെ ഭ്രാന്ത് എപ്പോൾ അവസാനിക്കുമെന്ന് യൂറോപ്യൻ മെത്രാന്മാർ ചോദ്യമുയർത്തി. ശത്രുത അവസാനിപ്പിക്കാൻ റഷ്യയെ ക്ഷണിക്കുകയും പരിഹാരത്തിനായി പ്രവർത്തിക്കാൻ എല്ലാ കക്ഷികളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. യൂറോപ്യൻ യൂണിയനിലെ മെത്രാൻസമിതികളുടെ കമ്മീഷൻ (COMECE) ബുധനാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ, ഉക്രൈനിലും പോളണ്ടിലുമുണ്ടായ സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അവർ ഈ ആഹ്വാനം നൽകിയത്.

“ഉക്രൈനിലെയും പോളണ്ടിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളിൽ തങ്ങൾ ആഴമായ ഉത്കണ്ഠ പ്രകടിപ്പിക്കുന്നു. ഉക്രൈനെതിരായ റഷ്യൻ സൈനിക ആക്രമണത്തിന്റെ തുടക്കം മുതൽ, ഒരു വലിയ ആഗോളസംഘർഷത്തെ ഭയന്ന് ലോകം മുഴുവൻ ശ്വാസം അടക്കിപ്പിടിച്ചിരിക്കുകയാണ്” എന്ന് പ്രസ്താവന വ്യക്തമാക്കി. ഈ സംഭവത്തെക്കുറിച്ച് ഇപ്പോഴും അന്വേഷണം നടക്കുകയാണെന്ന യാഥാർത്ഥ്യം അംഗീകരിച്ച സമിതി, ഉക്രൈന്റെ അതിർത്തിയിലെ പോളണ്ടിൽ ചൊവ്വാഴ്ച വൈകുന്നേരം നടന്ന സംഭവം “ഈ യുദ്ധം അനിയന്ത്രിതവും വിനാശകരവുമായ പ്രത്യാഘാതങ്ങൾ മനുഷ്യരാശിക്കു മുഴുവൻ ഉണ്ടാക്കും എന്നതിനെക്കുറിച്ചുള്ള മറ്റൊരു ഓർമ്മപ്പെടുത്തലാണ് നൽകുന്നതെന്ന് മെത്രാന്മാർ അനുസ്മരിച്ചു.

എല്ലാ ഇരകൾക്കും എല്ലാ ദുരിതങ്ങൾക്കും വേണ്ടി പ്രാർത്ഥനകൾ

“അന്തർദേശീയ നിയമങ്ങളുടെ നഗ്നമായ ലംഘനത്തിലൂടെ ഉക്രൈനിലെ നഗരങ്ങൾക്കും പൗര അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ റഷ്യ അടുത്തിടെ നടത്തിയ ക്രൂരമായ ആക്രമണങ്ങളെയും പോളണ്ടിലെ സംഭവത്തെയും തുടർന്ന്, ഇരകൾക്ക് തങ്ങളുടെ പ്രാർത്ഥനകളും അവരുടെ കുടുംബങ്ങൾക്ക് അനുശോചനവും അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മെത്രാന്മാർ പ്രസ്താവനയിൽ രേവപ്പെടുത്തി.

വെള്ളവും വൈദ്യുതിയും ഉൾപ്പെടെ അടിസ്ഥാന സേവനങ്ങൾ ലഭിക്കാത്ത ഉക്രൈനിലെ ജനങ്ങളോടുള്ള തങ്ങളുടെ സാമീപ്യവും അവർ പ്രകടിപ്പിച്ചു. ഈ ‘യുദ്ധത്തിന്റെ ഭ്രാന്ത്’ അവസാനിപ്പിക്കാൻ ഇനി മറ്റെന്താണ് സംഭവിക്കേണ്ടത്?” എന്ന് അവർ ചോദ്യമുന്നയിച്ചു.

യുദ്ധം പടർത്താതിരിക്കാനുള്ള അഭ്യർത്ഥന

യൂറോപ്യൻ യൂണിയനിലെ മെത്രാന്മാർ സമാധാനത്തിനായി നിരവധി അഭ്യർത്ഥനകൾ നടത്തി. സംഘർഷം ലഘൂകരിക്കുന്നതിന് പ്രത്യേകിച്ച് യൂറോപ്യൻ യൂണിയനോട് അതിന്റെ നയതന്ത്രശ്രമങ്ങൾ ത്വരിതപ്പെടുത്താനും അക്രമത്തിന്റെ ഈ സർപ്പാളം തടയുന്നതിനുള്ള സജീവമായ ഇടപെടൽ തുടരാനും തങ്ങൾ എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുന്നതായി അവർ അറിയിച്ചു.

ഗൗരവപരമായ നിർദ്ദേശങ്ങളുടെ ആവശ്യകത

ഫ്രാൻസിസ് പാപ്പയും പരിശുദ്ധ സിംഹാസനവും ലോകമെമ്പാടുമുള്ള നല്ല മനസ്കരും നടത്തിയ നിരവധി അപേക്ഷകൾക്ക് മെത്രാന്മാർ പിന്തുണ അറിയിച്ചു.

“റഷ്യൻ അധികാരികളോട് എത്രയും പെട്ടെന്ന് ശത്രുത അവസാനിപ്പിക്കാൻ മെത്രാന്മാർ ആവശ്യപ്പെട്ടു. എല്ലാ കക്ഷികളോടും അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായത്തോടെ, നീതിയുക്തമായ സമാധാനത്തിനായുള്ള ‘ഗൗരവമായ നിർദ്ദേശങ്ങൾ’ ചർച്ച ചെയ്യാനും പരിഹാരത്തിനായി പ്രവർത്തിക്കാനും തങ്ങൾ ആഹ്വാനം ചെയ്യുന്നുവെന്നും അന്താരാഷ്‌ട്ര നിയമത്തെയും ഉക്രൈന്റെ പ്രാദേശിക അഖണ്ഡതയെയും മാനിച്ചുകൊണ്ട് സംഘർഷത്തിന് ഒരു പരിഹാരം കണ്ടെത്താൻ പ്രവർത്തിക്കണമെന്നും മെത്രാന്മാർ ആവശ്യപ്പെട്ടു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.