‘ഞാൻ സമാധാനത്തിനായി പ്രാർത്ഥിക്കുന്നത് തുടരുന്നു’ – ഉക്രേനിയൻ ആർച്ചുബിഷപ്പിനോട് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പാ

ഉക്രേനിയൻ – ഗ്രീക്ക് കത്തോലിക്കാ സഭയുടെ നേതാവ് നവംബർ ഒമ്പതിന് മാറ്റർ എക്ലീസിയാ ആശ്രമത്തിൽ വച്ച് എമിരിറ്റസ് ബെനഡിക്റ്റ് പതിനാറാമൻ പാപ്പായുമായി കൂടിക്കാഴ്ച നടത്തി. “ഉക്രൈനായി താൻ പ്രാർത്ഥിക്കുന്നു” എന്ന് മേജർ ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്‌ചുക്കിനോട് എമിരിറ്റസ് പാപ്പാ പറഞ്ഞു.

നവംബർ 9- ന് നടന്ന അവരുടെ മീറ്റിംഗിൽ, ആർച്ചുബിഷപ്പ് ഷെവ്ചുക്ക് ഉക്രൈനിലെ യുദ്ധത്തെക്കുറിച്ച് സംസാരിച്ചു. യുദ്ധത്തിന്റെ തുടക്കത്തിൽ ഉക്രൈനിലേക്ക് ബെനഡിക്ട് പതിനാറാമൻ എഴുതിയ കത്തിന് ആർച്ചുബിഷപ്പ് നന്ദി പറഞ്ഞു. ഉക്രൈനിലെ സ്ഥിതിഗതികൾ താൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ബെനഡിക്റ്റ് പാപ്പാ ഊന്നിപ്പറഞ്ഞു. ഉക്രേനിയൻ ജനതയുടെ കഷ്ടപ്പാടുകളിൽ തന്റെ വലിയ ദുഃഖം പ്രകടിപ്പിക്കുകയും സമാധാനം വരാൻ താൻ എപ്പോഴും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

“പ്രാർത്ഥനയുടെ ശക്തി മാത്രമാണ് ഉക്രേനിയൻ ജനതയെ ജീവനോടെ നിലനിർത്തുന്നത്” എന്ന് ആർച്ചുബിഷപ്പ് മറുപടി നൽകി. അതിനാൽ ഉക്രൈനായി പ്രാർത്ഥിക്കുന്നതു തുടരാൻ അദ്ദേഹം ആവശ്യപ്പെട്ടു. ബെനഡിക്ട് പതിനാറാമൻ പാപ്പായാണ് 2009 ജനുവരി 14- ന് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കിനെ ബിഷപ്പായി നിയമിച്ചത്. 2011 മാർച്ച് 25- ന് ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവനായി ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കിനെ തിരഞ്ഞെടുത്തത് സ്ഥിരീകരിച്ചതും ബെനഡിക്റ്റ് പതിനാറാമൻ പാപ്പായാണ്. അതിനാൽ, ഇരുവരും തമ്മിൽ ശക്തമായ ബന്ധമുണ്ട്.

ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ മേജർ ആർച്ചുബിഷപ്പ്, ഒരാഴ്ച മീറ്റിംഗുകൾക്കായി റോമിലാണ്. ഫെബ്രുവരി 24- ന് റഷ്യൻ ആക്രമണത്തിനു ശേഷം ആദ്യമായാണ് അദ്ദേഹം ഉക്രൈൻ വിടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.