സുഡാനിൽ സ്‌കൂളിന് നേരെ ഡ്രോൺ ആക്രമണം; 17 പേർ കൊല്ലപ്പെട്ടു

ബുധനാഴ്ച സുഡാനിലെ അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ നേതൃത്വത്തിൽ ഒരു സെക്കൻഡറി സ്‌കൂളിനും ആരോഗ്യ സംരക്ഷണ കേന്ദ്രത്തിനും നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ സ്‌കൂൾ വിദ്യാർഥിനികളും അധ്യാപകരും ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നതായാണ് പ്രാഥമിക വിവരം.

സുഡാനിലെ വൈറ്റ് നൈൽ സംസ്ഥാനത്തെ കോസ്തി നഗരത്തിലുള്ള ഒരു സ്‌കൂളിന് നേരെയാണ് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ആക്രമണം ഉണ്ടായത്. ഇവിടെ 25-ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റതായും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കു പറ്റിയിട്ടുണ്ട്. സംഭവസ്ഥലത്തിന് അടുത്തുള്ള പ്രധാന മെഡിക്കൽ സൗകര്യമാണ് ഇത്.

പരിക്കേറ്റവരിൽ മൂന്ന് പെൺകുട്ടികളുടെ നില അതീവ ഗുരുതരമാണെന്ന് ആരോ​ഗ്യപ്രവർത്തകർ അറിയിച്ചു. ഇതിൽ രണ്ട് പേരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. നില മെച്ചപ്പെടാത്തതിനെത്തുടർന്ന് മൂന്നാമത്തെ പെൺകുട്ടിയെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി തലസ്ഥാനമായ ഖാർത്തൂമിലേക്ക് മാറ്റി. യുദ്ധം തുടരുന്നതിനാൽ മേഖലയിലെ ആശുപത്രികളിൽ മരുന്നുകളുടെയും അത്യാധുനിക ഉപകരണങ്ങളുടെയും കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്നും ഇത് ചികിത്സയെ ബാധിക്കുന്നുണ്ടെന്നും ഡോക്ടർമാർ സൂചിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.