നിഖ്യാ സൂനഹദോസ്: 1700-ാമതു വാർഷികത്തിന് ഇന്നു തുടക്കം

ക്രൈസ്‌തവസഭാ ചരിത്രത്തിലെ ആദ്യത്തെ സാർവ്വത്രിക സുനഹദോസിന്റെ 1700-ാമതു വാർഷികത്തിന് ഇന്ന് തുർക്കിയിലെ ഇസ്നിക്ക് (പുരാതന നിഖ്യ) പട്ടണത്തിൽ തുടക്കം. എ ഡി 325 ൽ അന്നൊരു ക്രൈസ്തവരാജ്യമായിരുന്ന ഏഷ്യാ മൈനറിലെ (ഇന്നത്തെ തുർക്കി) നിഖ്യായിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയാണ് ഈ സൂനഹദോസ് വിളിച്ചുകൂട്ടിയത്.

ഏതാണ്ട് 318 മെത്രാന്മാർ വിവിധ പ്രദേശങ്ങളിൽ നിന്നായി ആ സഭാ സമ്മേളനത്തിൽ പങ്കെടുത്തു. “പേർഷ്യയുടെയും ഇന്ത്യയുടെയും മാർ യോഹന്നാനും സൂനഹദോസിന്റെ പ്രമാണരേഖയിൽ ഒപ്പുവച്ചിട്ടുണ്ട്. മെത്രാന്മാർക്ക് എത്തിച്ചേരുന്നതിനുള്ള സൗകര്യത്തിനുവേണ്ടിയാണ് നിഖ്യാ പട്ടണം വേദിയായി തിരഞ്ഞെടുത്തത്. എ ഡി 787 ൽ രണ്ടാം നിഖ്യാ സൂനഹദോസ് ഏതൻസിലെ ഐറീൻ ചക്രവർത്തിയാണു വിളിച്ചു ചേർത്തത്. .

ക്രൈസ്‌തവസഭയുടെ അടിസ്ഥാന വിശ്വാസപ്രമാണം നിർവചിച്ചു ക്രമപ്പെടുത്തിയത് ഒന്നാം നിഖ്യാ സുനഹദോസിലാണ്. ഈശോമിശിഹാ സാധിച്ച രക്ഷ, പരിശുദ്ധ ത്രിത്വം, ക്രൈസ്തവരുടെ വിശ്വാസൈക്യം, ഏക മാമ്മോദീസ മുതലായവ നിർവചിച്ച ഈ സൂനഹദോസ് ക്രമപ്പെടുത്തിയ വിശ്വാസപ്രമാണം 381ലെ കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിൽ വീണ്ടും ചർച്ചചെയ്യപ്പെടുകയും തലമുറകളായി ഇന്നും ക്രൈസ്‌തവർ ഏറ്റുപറയുകയും ചെയ്യുന്നു. എല്ലാ ക്രൈസ്‌തവ സഭാവിഭാഗങ്ങളും അംഗീകരിക്കുന്ന ആദ്യത്തെ ഏഴു സാർവത്രിക സുനഹദോസുകളിൽ ഇവയാണ് ഏറ്റവും പ്രധാനപ്പെട്ടവ. സഭാചരിത്രത്തിൽ ഇതുവരെ 21 സാർവത്രിക സുനഹദോസുകളാണ് നടന്നിട്ടുള്ളത്. അവസാനത്തേതാണ് രണ്ടാം വത്തിക്കാൻ സൂനഹദോസ് (1962-65).

കഴിഞ്ഞ ഒരു വർഷമായി നിഖ്യാ സൂനഹദോസിന്റെ 17-ാം ശതാബ്ദി ആഘോഷങ്ങൾ നടന്നുവരികയാണ്. വിവിധ യൂറോപ്യൻ, അമേരിക്കൻ സർവകലാശാലകളിൽ സിമ്പോസിയങ്ങളും എക്യുമെനിക്കൽ കൂട്ടായ്മകളും നടന്നു. കത്തോലിക്കാ സഭ ജൂബിലിവർഷമായി ആചരിക്കുന്ന 2025 ൽ എല്ലാ ക്രൈസ്തവസഭകളും ഒരേ തീയതിയിൽ ഉയിർപ്പുതിരുനാളും ആഘോഷിക്കുകയുണ്ടായി. പ്രത്യാശയുടെ ജൂബിലി എന്നു ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചതിന്റെ വെളിച്ചത്തിൽ നിഖ്യായിലേക്ക് പ്രത്യാശയുടെ തീർഥാടകനായി എത്താൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ലെയോ പാപ്പയും ഈ ആഗ്രഹം പങ്കുവച്ചിട്ടുണ്ട്. കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമ്യോ ഒന്നാമനും മാർപാപ്പയോടൊപ്പം ഈ ആഘോഷത്തിനായി ഒന്നിച്ചുവരാൻ തല്‌പരനാണ്.

കടപ്പാട്: ദീപിക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.