ഈജിപ്തിൽ കോപ്റ്റിക് ക്രിസ്ത്യാനിയെ ഇസ്ലാമിക മതതീവ്രവാദി ദാരുണമായി കൊലപ്പെടുത്തി

ഈജിപ്തിൽ ഇസ്ലാം മതതീവ്രവാദി ഒരു കോപ്റ്റിക് ക്രിസ്ത്യാനിയെ ദാരുണമായി കൊലപ്പെടുത്തി. അബ്‌ദുള്ള ഹോസ്‌നി ആണ് കൊല ചെയ്യപ്പെട്ടത്. ജൂൺ അഞ്ചിന് വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് അബ്‌ദുള്ള ആക്രമിക്കപ്പെട്ടത്.

മോട്ടോർ ബൈക്കിൽ വീട്ടിലേക്കു പോവുകയായിരുന്ന അബ്‌ദുള്ളയെ അക്രമി ബൈക്കിൽ നിന്നും താഴെ വീഴ്ത്തി ആക്രമിക്കുകയായിരുന്നു. ഇറച്ചി വെട്ടുന്ന കത്തിയുപയോഗിച്ച് തുരുതുരാ വെട്ടുകയും അദ്ദേഹത്തെ ചവിട്ടുകയും ചെയ്‌തു. രക്തത്തിൽ കുളിച്ചു കിടന്ന അബ്‌ദുള്ളയെ ഉടൻ തന്നെ പ്രദേശവാസികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു ദിവസം അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലിരുന്ന അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. അദ്ദേഹത്തിന് രണ്ട് കുട്ടികളുണ്ട്.

അബ്‌ദുള്ളയുടെ മരണം കോപ്റ്റിക് ക്രൈസ്തവ വിഭാഗത്തെ രോഷാകുലരാക്കിയിട്ടുണ്ട്. കാരണം കൊലയാളി ഇതിനു മുമ്പും കോപ്റ്റിക് ക്രൈസ്തവരെ ആക്രമിച്ചിട്ടുണ്ട്. എന്നാൽ കൊലയാളിക്കെതിരെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. കൊലയാളി മാനസികരോഗിയാണെന്നു സ്ഥിരീകരിക്കുന്ന മെഡിക്കൽ റിപ്പോർട്ട് അദ്ദേഹത്തിന്റെ കുടുംബം സമർപ്പിച്ചിരുന്നു. എന്നാൽ അത് വ്യാജമാണെന്നു തെളിഞ്ഞതിനാൽ കേസിൽ തുടർ നിയമനടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.

ഈജിപ്തിൽ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. 2022 ഏപ്രിലിൽ ഒരു കോപ്റ്റിക് വൈദികനെ വിശ്വാസികളോടൊപ്പമുള്ള തീർത്ഥാടനത്തിനിടയിൽ തീവ്രവാദികൾ കൊലപ്പെടുത്തിയിരുന്നു. ഈ കൊലയാളിയെ ഈജിപ്ഷ്യൻ ഭരണകൂടം കഴിഞ്ഞയാഴ്ചയാണ് വധശിക്ഷക്കു വിധിച്ചത്. കഴിഞ്ഞ ഏപ്രിൽ അവസാനം, മറ്റൊരു ക്രൈസ്തവനെ 22 തവണ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. മുഖംമൂടി ധരിച്ചിരുന്ന അജ്ഞാതരായ നാലു പേരായിരുന്നു ആക്രമികൾ. പോലീസ് ഇതുവരെയും ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.