രക്തസാക്ഷിയായ വി. ഓസ്കാർ റൊമേറോയുടെ കുമ്പസാരക്കാരൻ അന്തരിച്ചു

രക്തസാക്ഷിയായ വി. ഓസ്കാർ റൊമേറോയുടെ കുമ്പസാരക്കാരനായിരുന്ന ആർച്ചുബിഷപ്പ് എമിരിറ്റസ്, മോൺസിഞ്ഞോർ ഫെർണാണ്ടോ സാൻസ് ലകല്ലെ അന്തരിച്ചു. 89 വയസായിരുന്നു അദ്ദേഹത്തിന്. ഏപ്രിൽ 28- ന്, സാൻ സാൽവഡോറിലെ അതിരൂപത പുറത്തുവിട്ട ട്വിറ്റർ സന്ദേശത്തിലാണ് ഈ വാർത്ത സ്ഥിരീകരിച്ചിരിക്കുന്നത്.

1932 നവംബർ 16- ന് സിൻട്രൂനിഗോയിലാണ് (സ്പെയിൻ) ബിഷപ്പ് ഫെർണാണ്ടോ സാൻസ് ജനിച്ചത്. സരഗോസ സർവ്വകലാശാലയിൽ നിന്ന് കെമിക്കൽ സയൻസസിൽ ബിരുദം നേടിയ അദ്ദേഹം റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ സർവ്വകലാശാലയിൽ നിന്ന് തത്വചിന്തയും ദൈവശാസ്ത്രവും പഠിച്ചു.

1959- ൽ ഇരുപത്തിയാറാമത്തെ വയസിൽ പ്രിസ്റ്റലി സൊസൈറ്റി ഓഫ് ഹോളി ക്രോസിനു വേണ്ടി അദ്ദേഹം വൈദികനായി അഭിഷിക്തനായി. തുടർന്ന് 1962- ൽ അദ്ദേഹം എൽ സാൽവഡോറിലെത്തി. 1984- ൽ വി. ജോൺപോൾ രണ്ടാമൻ പാപ്പായാണ് അദ്ദേഹത്തെ സാന്താ അനയിലെ സഹായമെത്രാനായി (എൽ സാൽവഡോർ) നിയമിച്ചത്. 1993- ൽ അദ്ദേഹം രാജ്യത്തിന്റെ മിലിട്ടറി ഓർഡിനേറിയറ്റിന്റെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി.1995 ഏപ്രിൽ 22- ന്, വി. ജോൺപോൾ രണ്ടാമൻ പാപ്പാ അദ്ദേഹത്തെ സാൻ സാൽവഡോറിലെ ആർച്ചുബിഷപ്പായി നിയമിക്കുകയും 1996- ൽ എൽ സാൽവഡോറിലെ രണ്ടാമത്തെ സന്ദർശനത്തിൽ അദ്ദേഹം മാർപാപ്പയെ സ്വീകരിക്കുകയും ചെയ്തു.

1980 മാർച്ച് 24- ന് സാൻ സാൽവഡോറിൽ വച്ച് ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെട്ടതാണ് വി. ഓസ്കാർ റൊമേറോ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.