മരിയ ബെരെനീസെ ദുഖെ ഹെൻസ്ക്കെർ ഇനി വാഴ്ത്തപ്പെട്ട പദവിയിൽ

‘മംഗളവാർത്തയുടെ കൊച്ചുസഹോദരികൾ’ എന്ന സന്യാസിനീ സമൂഹത്തിന്റെ സ്ഥാപക, മരിയ ബെരെനീസെ ദുഖെ ഹെൻസ്ക്കെർ (Maria Berenice Duque Hencker) വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടു. ഒക്ടോബർ 29- ന് മെദെയിനിൽ വച്ച് ഫ്രാൻസിസ് പാപ്പായുടെ പ്രതിനിധിയായി, വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ ആണ് മരിയയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത്.

“സഭാപരമായ ആവശ്യം അടിയന്തിരമായിരിക്കുന്നിടത്ത് സന്നിഹിതരായിരിക്കുക. ബുദ്ധിമുട്ടുകൾ, ദാരിദ്ര്യം, ഒരുക്കത്തിന്റെ അഭാവം എന്നിവയെ അഗാധമായ വിശ്വാസവും ദൈവപരിപാലനയിലുള്ള സമ്പൂർണ്ണ ആശ്രയവും വഴി മറികടക്കുക” എന്നീ ആശയങ്ങൾ പുലർത്തിയിരുന്ന, അന്ന ജൂലിയ എന്ന് വിളിക്കപ്പെട്ടിരുന്ന മരിയ ബെരെനീസെയുടെ ജനനം 1898 ആഗസ്റ്റ് 14- ന് കൊളൊമ്പിയായിലെ സലാമിനയിൽ ആയിരുന്നു.

ദൈവത്തിനും ദൈവമക്കൾക്കും വേണ്ടി ജീവിക്കണമെന്ന ആഗ്രഹത്താൽ അവൾ 1917- ൽ ഡൊമിനിക്കൻ സന്യാസിനീ സമൂഹത്തിൽ ചേരുകയും പിന്നീട് നിത്യവ്രത വാഗ്ദാനം നടത്തുകയും ചെയ്തു. ആ സമൂഹത്തിൽ വിവിധ ശുശ്രൂഷകളിൽ ഏർപ്പെട്ട മരിയ ബെരെനീസെ, ഈ സന്യാസിനീ സമൂഹത്തിന്റെ മേലധികാരികളുടെയും മെദയിൻ ആർച്ചുബിഷപ്പ് ഹൊവാക്കിൻ ഗർസീയ ബെനീത്തെസിന്റെയും അനുമതിയോടെ ഒരു സന്യാസിനീ സമൂഹത്തിന് 1943 മെയ് 14- ന് തുടക്കം കുറിച്ചു. പിന്നീട് അത് മംഗളവാർത്തയുടെ സഹോദരികളുടെ സന്യാസിനീ സമൂഹം എന്ന നാമം സ്വീകരിച്ചു.

1953 ഒക്ടോബർ 6- ന്, സമർപ്പിതർക്കായുള്ള സംഘത്തിന്റെ അനുമതിയോടെ മരിയ, താൻ സ്ഥാപിച്ച സന്യാസിനീ സമൂഹത്തിലേക്കു മാറുകയും ആ മാസം തന്നെ 23- ന് പ്രസ്തുത സമൂഹത്തിൽ വ്രതവാഗ്ദാനം നടത്തുകയും ചെയ്തു. നവവാഴ്ത്തപ്പെട്ട മരിയ, പ്രസ്തുത സന്യാസിനീ സമൂഹത്തിന്റെ പൊതുശ്രേഷ്ഠയായി, അഥവാ സുപ്പീരിയർ ജനറൽ ആയി. 1993 ജൂലൈ 25- ന് മെദെയിനിൽ വച്ച് തൊണ്ണൂറ്റിയഞ്ചാമത്തെ വയസിൽ, മരിയ ബെരെനീസെ ദുഖെ ഹെൻസ്ക്കെർ മരണമടഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.