പാരിസ്ഥിതികവും സാമൂഹികവുമായ പ്രതിസന്ധി നേരിടാൻ കൂട്ടായ ശ്രമങ്ങൾ ആവശ്യമാണ്: പരിശുദ്ധ സിംഹാസനം

ഉക്രൈനിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ആഗോള സുരക്ഷാഭൂപ്രകൃതിയിലുണ്ടായ വലിയ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ പാരിസ്ഥിതികവും സാമൂഹികവുമായ പ്രതിസന്ധികളെ നേരിടാൻ എല്ലാ യൂറോപ്യൻ രാജ്യങ്ങളുടെയും സംയുക്തശ്രമങ്ങൾ ആവശ്യമാണെന്ന് ഓർമ്മപ്പെടുത്തി പരിശുദ്ധ സിംഹാസനം. ഒക്‌ടോബർ 24 മുതൽ 25 വരെ ജോർദ്ദാനിൽ നടക്കുന്ന ഓർഗനൈസേഷൻ ഫോർ സെക്യൂരിറ്റി ആൻഡ് കോഓപ്പറേഷൻ ഇൻ യൂറോപ്പിന്റെ (OSCE) 2022-ലെ മെഡിറ്ററേനിയൻ കോൺഫറൻസിലാണ് ഈ അഭ്യർത്ഥന നടത്തിയത്.

പരിസ്ഥിതി സംരക്ഷണം, സമൂഹത്തിലെ ദാരിദ്ര്യം ലഘൂകരിക്കുക തുടങ്ങിയ വെല്ലുവിളികൾ നേരിടാൻ വികസിതവും വികസ്വരവുമായ എല്ലാ രാജ്യങ്ങളും ഒരുപോലെ പ്രവർത്തിക്കണമെന്ന് പരിശുദ്ധ സിംഹാസനം ആഹ്വാനം ചെയ്തു. ഫെബ്രുവരിയിൽ ഉക്രൈനെതിരായ റഷ്യയുടെ ആക്രമണയുദ്ധം ആരംഭിച്ചതിനു ശേഷം, ഊർജ്ജവും കാലാവസ്ഥാ സുരക്ഷയും ഉൾപ്പെടെയുള്ള ആഗോള സുരക്ഷാഭൂപ്രകൃതിയിലുണ്ടായ നാടകീയമായ മാറ്റം ജോർദ്ദാനിലെ അപ്പസ്‌തോലിക് ന്യൂൺസിയേച്ചറിന്റെ ചുമതലയുള്ള മോൺസിഞ്ഞോർ മൗറോ ലാലി ചൂണ്ടിക്കാട്ടി. ആണവയുദ്ധത്തിന്റെ ഭീഷണിയും ആണവകേന്ദ്രങ്ങൾക്കു സമീപമുള്ള സൈനികപ്രവർത്തനങ്ങളും ഭീകരമായ മാനുഷികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങളുടെ ഉയർന്ന അപകടസാധ്യതയെ ഉയർത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.