ഒരു മാസമായി റിപ്പോർട്ട് ചെയ്യപ്പെടാതെ നൈജീരിയയിലെ ക്രിസ്തുമസ് ദിനത്തിലെ ക്രൈസ്തവ കൂട്ടക്കൊല

നൈജീരിയയിൽ നടന്ന ക്രിസ്തുമസ് ദിനത്തിലെ കൂട്ടക്കൊല ജനുവരി അവസാനത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത്. ഡിസംബറിൽ നടന്ന അക്രമണപരമ്പരയിലെ ഏറ്റവും മാരകമായ ആക്രമണമാണിത്. നൈജീരിയയിലെ ക്രിസ്ത്യാനികൾക്കെതിരായ പീഡനത്തിന് അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും വാർത്താപ്രാധാന്യം കൊടുക്കുന്നില്ല.

നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിലെ ഗ്ബോക്കോ രൂപതയിലാണ് ക്രിസ്തുമസ് ദിനത്തിൽ ആക്രമണമുണ്ടായതെന്ന് എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (എ. സി. എൻ. ) റിപ്പോർട്ട് ചെയ്യുന്നു. അജ്ഞാതരായ ഒരു സംഘം അക്രമികൾ അൻവാസെ പട്ടണത്തിൽ റെയ്ഡ് നടത്തി. ഇടവകയിലെ 47 ക്രിസ്ത്യാനികളെയാണ് കൊലപ്പെടുത്തിയത്. മുതിർന്നവരും കുട്ടികളുമുൾപ്പെടെയുള്ളവരുടെ ജീവനാണ് അപഹരിക്കപ്പെട്ടത്. സെന്റ് മേരീസ് ഇടവകയിലെ പള്ളി, ക്ലിനിക്ക്, സ്കൂൾ കെട്ടിടങ്ങൾ, ഇടവക കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ എട്ട് കെട്ടിടങ്ങളാണ് അന്ന് കത്തിനശിച്ചത്.

ഏത് ഗ്രൂപ്പാണ് ആക്രമണത്തിന് ഉത്തരവാദികളെന്ന് വ്യക്തമല്ലെങ്കിലും, ഫുലാനി തീവ്രവാദികളും സ്ഥിരതാമസമാക്കിയ ക്രിസ്ത്യൻ കർഷകരും തമ്മിലുള്ള സംഘർഷമാണ് മേഖലയിലെ മിക്ക അക്രമങ്ങൾക്കും കാരണമെന്ന് റിപ്പോർട്ട് പറയുന്നു. സമീപ ദശകങ്ങളിൽ എന്നത്തേക്കാളും ഉയർന്നതോതിലുള്ള അക്രമങ്ങൾ ഗ്ബോക്കോ രൂപതയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ക്രിസ്തുമസ് ആക്രമണത്തിനുമുമ്പ്, 2024ൽ 100 ​​കൊലപാതകങ്ങൾ പോലും നടന്നിട്ടില്ലെന്ന് രൂപത അഭിപ്രായപ്പെട്ടു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.