‘ദൈവവചനത്തെ സ്പർശിക്കുന്നവർക്ക് അനുഗ്രഹമുണ്ട്’ – പാക്കിസ്ഥാനിൽ നിന്നും വൈദികൻ

മുസ്ലീം ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനിൽ ക്രിസ്ത്യാനികളുടെ ജീവിതം എങ്ങനെയുള്ളതാണെന്ന് വെളിപ്പെടുത്തി ഒരു വൈദികൻ. പാക്കിസ്ഥാനിലെ കാത്തലിക് ബൈബിൾ കമ്മീഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഫാ. ഇമ്മാനുവൽ അസി തന്റെ രാജ്യത്തെ ക്രിസ്ത്യാനികളുടെ അവസ്ഥയെക്കുറിച്ചും പാക്കിസ്ഥാനിലെ തന്റെ അപ്പോസ്തോലേറ്റിനെക്കുറിച്ചും സംസാരിക്കുകയാണ്. ലാഹോർ അതിരൂപതയിലെ വൈദികനായ ഫാ. അസി.

230 ദശലക്ഷം ജനസംഖ്യയുള്ള ഒരു ഇസ്ലാമിക് റിപ്പബ്ലിക്കാണ് പാക്കിസ്ഥാൻ. അതിൽ 97 % മുസ്ലീങ്ങളാണ്. ബാക്കിയുള്ള 3 % ഹിന്ദുക്കളും ക്രിസ്ത്യാനികളും സിഖുകാരും ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമൂഹമാണ്. 1.5 ദശലക്ഷം ക്രിസ്ത്യാനികളിൽ ഭൂരിഭാഗവും കത്തോലിക്കരാണ്.

ഇസ്ലാം മതത്തിൽ വിശ്വസിക്കാത്ത ന്യൂനപക്ഷ സമൂഹത്തിന്റെ ജീവിതം ഇവിടെ ദുഷ്‌കരമാണ്. എന്നാൽ ‘ഓരോ പൗരനും ഇഷ്ടമുള്ള മതം സ്വീകരിക്കാനും വിശ്വസിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ട് എന്നും ഓരോ മതവിഭാഗത്തിനും അതിന്റെ മതസ്ഥാപനങ്ങൾ സ്ഥാപിക്കാനും പരിപാലിക്കാനും നിയന്ത്രിക്കാനും അവകാശമുണ്ട്’ എന്നും ഭരണഘടനയിൽ പറയുന്നു. എന്നാൽ പ്രായോഗികമായി രാഷ്ട്രീയത്തിൽ, സാമൂഹിക ജീവിതത്തിൽ, വിദ്യാഭ്യാസ മേഖലകളിൽ, ജോലിസ്ഥലത്ത് നമ്മുടെ യുവാക്കൾക്ക് ധാരാളം വിവേചനങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട്. പ്രത്യേകിച്ച് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നവക്കും ജോലി അന്വേഷിക്കുന്നവർക്കും.

പാക്കിസ്ഥാൻ ക്രിസ്ത്യാനികളുടെ ഏറ്റവും വലിയ വെല്ലുവിളി, ദൈനംദിന ജീവിതത്തിൽ വിശ്വസ്തത പുലർത്തുകയും ധീരനായിരിക്കുകയും ചെയ്യുക എന്നതാണ്. ഇവിടെയുള്ള വിശ്വാസികളിൽ ഭൂരിഭാഗം ആളുകളും ചെറുപ്പക്കാരാണ് എന്നത് വളരെ ആശ്വാസപ്രദമാണ്. പള്ളിയിൽ പോകുന്നവരിൽ 65 % പേരും 40 വയസിനു താഴെയുള്ളവരാണ്. അതായത്, സഭ വളരെ സജീവമാണ്. എന്നാൽ ഇപ്പോഴത്തെ പ്രധാന വെല്ലുവിളി വിദ്യാഭ്യാസമാണ്. കാരണം പാക്കിസ്ഥാനിൽ വിദ്യാഭ്യാസ നിലവാരം വളരെ താഴ്ന്നതാണ്; നിരക്ഷരത വ്യാപകമാണ്.

കാത്തലിക് ബൈബിൾ കമ്മീഷൻ സ്ഥാപിതമായതിനു ശേഷം കഴിഞ്ഞ 20 വർഷമായി ദൈവവചനം ജനങ്ങളിലേക്കും, ആളുകളെ ദൈവവചനത്തിലേക്കും അടുപ്പിക്കുന്നതിന് വളരെയധികം പരിശ്രമിച്ചിട്ടുണ്ടെന്നാണ് ഈ വൈദികൻ വെളിപ്പെടുത്തുന്നത്. വായിക്കാൻ അറിയാത്ത ആളുകൾക്കായി, കഴിഞ്ഞ വർഷം നവംബറിൽ ഞങ്ങൾ ബൈബിളിന്റെ ഓഡിയോ ഓൺലൈനിൽ ഇട്ടു. അതുവഴി ആളുകൾക്ക് ദൈവവചനം കേൾക്കാൻ കഴിഞ്ഞു. കുട്ടികൾക്കുള്ള ബൈബിളും ഉറുദുവിൽ അച്ചടിച്ച YouCat ബൈബിളും ഞങ്ങളുടെ പക്കലുണ്ട്. 70,000-ഓളം പുതിയ ബൈബിളുകൾ അച്ചടിച്ചിട്ടുണ്ട്.

“സാഹചര്യം എത്ര ഗുരുതരമാണെങ്കിലും, യാഥാർത്ഥ്യം എത്ര കയ്പേറിയതാണെങ്കിലും, ദൈവത്തിലുള്ള നമ്മുടെ പ്രത്യാശ നിലനിർത്തണം. പ്രതീക്ഷയ്ക്ക് മാത്രമേ നമുക്ക് ഒരു പുതിയ ജീവിതം നൽകാൻ കഴിയൂ” – ഫാ. അസി കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.