മൂന്ന് ക്രൈസ്തവരുടെ ജയിൽശിക്ഷ ശരി വച്ച് ഇറാൻ

ഇറാനിൽ മൂന്ന് ക്രൈസ്തവരുടെ ജയിൽശിക്ഷ ശരി വച്ച് മേൽക്കോടതി. അഞ്ചു വർഷത്തെ ജയിൽശിക്ഷയാണ് ഇവർക്ക് കോടതി വിധിച്ചിരിക്കുന്നത്. ഇസ്ലാം മത വിരുദ്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ 2021 സെപ്റ്റംബറിലാണ് ഇവർ അറസ്റ്റിലായത്.

2021 സെപ്റ്റംബറിൽ ഇവർ പ്രാർത്ഥനാ ശുശ്രൂഷകളിൽ പങ്കെടുക്കുകയായിരുന്നു. രാത്രി ഏകദേശം പത്തു മണി ആയപ്പോഴാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇസ്ലാം മത വിരുദ്ധ വിശ്വാസങ്ങൾ പ്രചരിപ്പിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്‌തു എന്നതായിരുന്നു ഇവർക്കെതിരെയുള്ള ആരോപണം. ഇതേ തുടർന്ന് അഞ്ച് വർഷത്തെ ജയിൽ ശിക്ഷക്ക് വിധിച്ചെങ്കിലും അവർ അപ്പീല്‍ നൽകി. നിയമനടപടിക്കൾക്കിടയിൽ ജാമ്യം ലഭിച്ച ഇവരെ കഴിഞ്ഞ മാസം വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. “തന്റെ കക്ഷികൾ ക്രിമിനൽ പശ്ചാത്തലമുള്ളവരല്ല. എന്നിരുന്നാലും അപ്പീലിന്റെ വിധി വരുന്നതിനു മുൻപ് അവർ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു” – ഇവരുടെ അഭിഭാഷകൻ പറഞ്ഞു.

തങ്ങളുടെ വിശ്വാസ സംബന്ധമായ പ്രവർത്തികൾ തുടരുന്നതിനാലാണ് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് മൂന്ന് ക്രൈസ്തവരും പറയുന്നു. ഒരു വ്യക്തിയുടെ വിശ്വാസത്തെ സംബന്ധിക്കുന്ന ഇത്തരം അന്വേഷണങ്ങൾ ഇറാനിയൻ ഭരണഘടനയിൽ നിരോധിച്ചിട്ടുള്ളതാണ്. എങ്കിലും, ഇറാനിലെ ക്രൈസ്തവർക്കെതിരെ ഇതുപോലുള്ള സ്വകാര്യ അന്വേഷണങ്ങൾ സാധാരണയായി നടത്താറുണ്ട്. കേവലം ഒരു അഭിപ്രായം ഉള്ളതു കൊണ്ടോ, ഒരു പ്രത്യേക വിഭാഗത്തിലെ അംഗമായതു കൊണ്ടോ ഇറാനിൽ ആരെയും കുറ്റാരോപിതരാക്കില്ല എന്ന് ഇറാന്റെ മനുഷ്യാവകാശ കൗൺസിൽ ഈയിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ മൂന്ന് ക്രൈസ്തവരെയും ജയിൽശിക്ഷക്കു വിധിച്ച നടപടി അപലപനീയമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.