നൈജീരിയയിൽ വ്യാജ മതനിന്ദാ ആരോപണത്തെ തുടർന്ന് വിചാരണ നേരിട്ട് ക്രിസ്ത്യൻ യുവതി

വടക്കു-കിഴക്കൻ നൈജീരിയയിൽ ഒരു വാട്ട്‌സ്ആപ്പ് സന്ദേശം ഫോർവേഡ് ചെയ്തതിന് മതനിന്ദ ആരോപിച്ച് നാലു മാസത്തിലേറെയായി രഹസ്യമായി തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന ക്രൈസ്തവ യുവതി വിചാരണ നേരിടുന്നു. സൊകോടോ സ്റ്റേറ്റിലെ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ ഡെബോറ ഇമ്മാനുവൽ യാകുബുവിന്റെ ദാരുണമായ കൊലപാതകത്തെ അപലപിച്ചുകൊണ്ട് ഘാനയിൽ നിന്ന് ഒരു വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചതിനെ തുടർന്നാണ് മെയ് മാസത്തിൽ ബൗച്ചി സ്റ്റേറ്റിൽ വെച്ച് റോഡ യൗ ജതൗ (45) എന്ന സ്ത്രീ അറസ്റ്റിലായത്.

മെയ് 12-നായിരുന്നു ഡെബോറയുടെ കൊലപാതകം നടന്നത്. ഈ കൊലപാതകത്തെ അപലപിച്ചുകൊണ്ട് തനിക്ക് ലഭിച്ച ഒരു വാട്ട്‌സ്ആപ്പ് സന്ദേശം വാർജി കൗണ്ടിയിലെ സഹപ്രവർത്തകരുമായി റോഡ യൗ പങ്കുവച്ചു. അതു കണ്ട ഇസ്ലാമിസ്റ്റുകൾ അവളെ ദൈവനിന്ദ ആരോപിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നൈജീരിയയിലെ രഹസ്യപോലീസായ ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് സർവ്വീസസിലെ സെക്യൂരിറ്റി ഏജന്റുമാർ മെയ് 20-ന് അവളെ അറസ്റ്റ് ചെയ്തു. ഇസ്ലാമിസ്റ്റുകൾ അവളെ കൊല്ലാനായി വീട്ടിൽ അതിക്രമിച്ചു കയറിയപ്പോൾ തടവിലാക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

“അറസ്റ്റ് ചെയ്തതു മുതൽ വ്യാജ ആരോപണങ്ങൾ ചുമത്തി റോഡ യൗ തടങ്കലിലാണ്. പൊതുപ്രശ്നങ്ങൾക്ക് പ്രേരണ, മതപരമായ വിശ്വാസങ്ങളോടുള്ള അവഹേളനം, സൈബർ ആക്രമണം തുടങ്ങിയ കുറ്റങ്ങൾ വ്യാജമായി ചുമത്തുകയായിരുന്നു” – അഭിഭാഷകൻ ജോഷ്വ നസാര ഒരു പത്രപ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.