നൈജീരിയയിൽ ക്രിസ്ത്യൻ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു

നൈജീരിയയിലെ സോകോടോ സ്റ്റേറ്റിലെ ഷെഹു ഷാഗരി കോളേജ് ഓഫ് എഡ്യൂക്കേഷനിലെ ക്രിസ്ത്യൻ വിദ്യാർത്ഥിനിയെ സഹപാഠികൾ മർദ്ദിച്ചു കൊലപ്പെടുത്തി. മെയ് 12-നാണ് ഡെബോറ ഇമ്മാനുവൽ എന്ന 25 വയസുള്ള വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയത്. കോളേജിലെ വാട്‌സാപ്പ് ഗ്രൂപ്പിൽ മതനിന്ദാപരമായ സന്ദേശം അയച്ചു എന്ന് ആരോപിച്ച് അതിൽ പ്രകോപിതരായാണ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചത്.

ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണിന്റെ (ഐസിസി) റിപ്പോർട്ട് അനുസരിച്ച്, മാതാപിതാക്കളോടൊപ്പം സോക്കോട്ടോയിൽ താമസിക്കുന്ന ഡെബോറ, തന്റെ സഹപാഠികൾ മതനിന്ദയായി വ്യാഖ്യാനിച്ച വാട്‌സാപ്പ് സന്ദേശം അയച്ചതിനു ശേഷം സഹപാഠികളുമായി വഴക്കുണ്ടാക്കിയതായി പറയപ്പെടുന്നു. ഡെബോറയെ മർദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. രക്തം പുരണ്ട ഇടതുകൈയുമായി നിലത്തു കിടന്ന് അവൾ തല മറയ്ക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. തന്നെ കൊല്ലരുതെന്ന് അവൾ സഹപാഠികളോട് അപേക്ഷിക്കുന്നതും ദൃശ്യമാണ്.

“ഇസ്ലാം മതത്തിൽപ്പെട്ട വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിലെ ക്രിസ്ത്യാനികളെ ഇഷ്ടപ്പെടുന്നില്ല. സ്കൂൾ അധികൃതർ നോക്കിനിൽക്കവെയാണ് സഹപാഠികൾ ഡെബോറയെ കൊലപ്പെടുത്തുന്നത്. വിദ്യാർത്ഥികളെ തടയാൻ അവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല” – ഒരു വിദ്യാർത്ഥി പറഞ്ഞു. സ്‌കൂളിലേക്കുള്ള വഴിയും ഡെബോറയുടെ വീട്ടിലേക്കുള്ള വഴിയും വിദ്യാർത്ഥികൾ തടഞ്ഞതിനാൽ ക്രിസ്ത്യാനികൾക്ക് സഞ്ചരിക്കാൻ ബുദ്ധിമുട്ടാണ്. കുറ്റം ചെയ്ത വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെടാതെ സ്‌കൂൾ അടച്ചുപൂട്ടാൻ സംസ്ഥാന ഗവർണർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.