നസ്രത്തിലെ ക്രിസ്ത്യൻ സ്കൂളിനുനേരെ അക്രമം; ആശങ്കയോടെ ഫ്രാൻസിസ്‌ക്കൻ സന്യാസ സമൂഹം

നസ്രത്തിലെ ഫ്രാൻസിസ്‌ക്കൻ സിസ്റ്റേഴ്‌സിന്റെ സ്‌കൂളും കോൺവെന്റും അജ്ഞാതർ അക്രമത്തിനിരയാക്കി. മാർച്ചുമാസം പതിനാറാം തീയതി ആണ് സ്‌കൂളിനും കോൺവെന്റിനും നേരെ ആക്രമണം നടന്നത്. വൈകുന്നേരം 6.30 ഓടെ ബൈക്കുകളിൽ എത്തിയ രണ്ടംഗസംഘമാണ് യന്ത്രത്തോക്കുകളിൽനിന്നും വെടിയുതിർത്തത്. അതേസമയം സ്കൂളിൽ കൂട്ടികളില്ലാതിരുന്നതും, സന്യാസിനിമാർ പ്രാർത്ഥനയിൽ ആയിരുന്നതിനാലും ആളപായമുണ്ടായില്ല.

വഴിയാത്രക്കാരാണ് ഈ അക്രമത്തെപ്പറ്റി അറിയിപ്പ് നൽകുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തതെന്ന് പിന്നീട് ഇസ്രായേലിലെ ലത്തീൻ പാട്രിയാർക്കൽ വികാരി മോൺ. റഫീഖ് നഹറ പറഞ്ഞു. ഗുരുതരമായ ഈ ആക്രമണത്തിനു ശേഷം ദ്രുതഗതിയിലുള്ള അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മോൺസിഞ്ഞോർ റഫീഖ് ഇസ്രായേൽ വിദ്യാഭ്യാസ, ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങൾക്ക് കത്തെഴുതുകയും, ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇസ്രായേലിൽ അക്രമങ്ങളുടെ തോത് വർദ്ധിക്കുന്നുവെങ്കിലും, ക്രിസ്ത്യൻ സ്കൂളുകൾക്ക് എതിരായി നടക്കുന്ന അക്രമണങ്ങൾ വളരെ വിരളമായിരുന്നു. പ്രശസ്തമായ ക്രിസ്ത്യൻ സ്കൂളുകൾ ക്രിസ്ത്യൻവിദ്യാർത്ഥികൾക്കും, മുസ്ലിം വിദ്യാർത്ഥികൾക്കും ഒരുപോലെ തുറന്ന അനുഭവം നൽകപ്പെടുന്ന സ്ഥലങ്ങളാണ്. എന്നാൽ ഇത്തരമൊരു സ്ഥലത്തുണ്ടായ അക്രമം കൂടുതൽ സങ്കീർണ്ണതകളിലേക്ക് നയിക്കുമെന്ന ആകുലതയിലാണ് സഭയും സമൂഹവും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.