മതനിന്ദാ ആരോപണത്തെ തുടർന്ന് മാനസിക വൈകല്യമുള്ള യുവാവ് അന്യായമായി ജയിലിൽ കഴിഞ്ഞത് മൂന്ന് വർഷം; അവസാനം ജാമ്യം

പാക്കിസ്ഥാനിലെ ലാഹോറിൽ അയൽക്കാരനുമായുണ്ടായ തർക്കത്തെ തുടർന്ന് മതനിന്ദാ ആരോപിച്ച് മൂന്ന് വർഷത്തിലേറെയായി ജയിലിലായ സ്റ്റീഫൻ മസിഹ് എന്ന ക്രൈസ്തവന് ജാമ്യം അനുവദിച്ചു. മാനസിക വൈകല്യമുള്ള സ്റ്റീഫൻ വ്യാജ മതനിന്ദ ആരോപണത്തെ തുടർന്നാണ് ജയിലിലായത്. ജൂൺ മൂന്നിനാണ് ലാഹോർ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

അയൽക്കാരനുമായുള്ള വഴക്കിനെത്തുടർന്ന് സ്റ്റീഫന്റെ മേൽ മതനിന്ദാ ആരോപിക്കുകയായിരുന്നു. 2019 മാർച്ചിൽ സ്റ്റീഫന്റെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തോടുള്ള വ്യക്തിവൈരാഗ്യം തീർക്കാനായിരുന്നു മതനിന്ദാ ആരോപണം. ഈ സംഭവത്തിന് തൊട്ടുപിന്നാലെ, ഒരു കൂട്ടം തീവ്ര ഇസ്ലാമിസ്റ്റുകൾ സ്റ്റീഫന്റെ വീടിന് തീയിട്ടു. അങ്ങനെ അദ്ദേഹത്തിന്റെ കുടുംബം പ്രാണരക്ഷാർത്ഥം അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. മാത്രമല്ല സ്റ്റീഫൻ ചെറുപ്പം മുതൽ മാനസിക വൈകല്യമുള്ള വ്യക്തിയാണ്. ഇതുപോലും പരിഗണിക്കാതെയാണ് അദ്ദേഹത്തെ മൂന്ന് വർഷക്കാലം ജയിലിൽ പാർപ്പിച്ചത്.

സ്റ്റീഫന് ബൈപോളാർ അഫക്റ്റീവ് ഡിസോർഡർ ഉണ്ടെന്നും വിചാരണ നേരിടാൻ കഴിയില്ലെന്നും പഞ്ചാബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ആഷിക്നാസ് ഖോഖർ പറഞ്ഞു. എങ്കിലും പാക്കിസ്ഥാനിൽ മതനിന്ദ ആരോപിക്കപ്പെടുന്നവർ ജാമ്യം ലഭിക്കുന്നതിന് മുമ്പ് വർഷങ്ങൾ തടവിൽ കഴിയേണ്ടി വരുന്നു.

മതനിന്ദാ കുറ്റവുമായി ബന്ധപ്പെട്ട ഭീഷണികൾ കാരണം സ്റ്റീഫന്റെ മാനസികാവസ്ഥ സ്ഥിരീകരിച്ച് കോടതിയിൽ മൊഴി നൽകാൻ അയൽവാസികളാരും ധൈര്യപ്പെടാത്തത് ഖേദകരമാണെന്ന് സ്റ്റീഫന്റെ കുടുംബത്തിന്റെ അഭിഭാഷകനായ ഫാറൂഖ് ബഷീർ അഭിപ്രായപ്പെട്ടു. മതത്തെ അവഹേളിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ ദുരുപയോഗം ചെയ്തുകൊണ്ട് വ്യക്തിവൈരാഗ്യം തീർക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ കേസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.