ക്രൈസ്തവരുടെ വിലാപങ്ങൾ ഉയരുന്ന നൈജീരിയ

ലോകമെമ്പാടും ക്രൈസ്തവർക്കു നേരെയുള്ള ആക്രമണങ്ങൾ വർധിച്ചു വരികയാണ്. പ്രത്യേകിച്ച് നൈജീരിയയിൽ. വടക്കൻ നൈജീരിയയിൽ നിന്നും ഉയർന്ന് കേൾക്കുന്നത് ക്രൈസ്തവരെ ആക്രമിക്കുന്ന വാർത്തകളാണ്. കൂടുതലായും ഫുലാനി തീവ്രവാദികൾ ക്രിസ്ത്യൻ കാർഷിക ഗ്രാമങ്ങൾക്ക് ഭീഷണിയായി മാറിയിരിക്കുന്നു. തീവ്രവാദികൾ പലപ്പോഴും ക്രിസ്ത്യാനികളെ ആക്രമിക്കുകയും അവരുടെ കൃഷിയിടങ്ങൾ കത്തിക്കുകയും ചെയ്യുന്നു.

ക്രിസ്ത്യാനികളുടെ ഉടമസ്ഥതയിലുള്ള ഫാമുകളിൽ വലിയ കത്തികളും തോക്കുകളും ഉപയോഗിച്ചാണ് ഫുലാനി തീവ്രവാദികൾ ആക്രമണം നടത്തുന്നത് എന്ന് ഗ്രാമവാസികൾ സാക്ഷ്യപ്പെടുത്തുന്നു. “കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 500-ലധികം ക്രിസ്ത്യൻ കർഷകരെയാണ് ഫുലാനി തീവ്രവാദികൾ കൊന്നൊടുക്കിയത്. കൂടാതെ 13,000 ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടു. ക്രൈസ്തവരായ കർഷകരെ കൊന്നൊടുക്കുന്നതിനു പുറമേ, വടക്കൻ നൈജീരിയയിലുടനീളമുള്ള നിരവധി ക്രിസ്ത്യൻ ഗ്രാമങ്ങളിലെ വീടുകൾ കത്തിക്കുകയും ദൈവാലയങ്ങൾ ആക്രമിക്കുകയും വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയും ചെയ്യുന്നു.” -കത്തോലിക്കാ യുവജന നേതാവ് എസെക്കിയേൽ ബിനി പറയുന്നു.

ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മിയാംഗോ കൗണ്ടിയിലും പരിസര പ്രദേശങ്ങളിലും, ക്രൈസ്തവർക്ക് നേരെ വംശീയ ആക്രമണം നടത്തുന്ന ഫുലാനി തീവ്രവാദികളെ നിയന്ത്രിക്കുവാനോ ക്രൈസ്തവരെ സംരക്ഷിക്കുവാനോ പോലീസ് ഒന്നും ചെയ്യുന്നില്ല. “ഇവരുടെ ഇത്തരത്തിലുള്ള പീഡനങ്ങൾ ക്രിസ്തുവിനെ ഞങ്ങൾ തള്ളിപ്പറയാൻ വേണ്ടിയാണ്. എന്നാൽ, പട്ടിണി കിടന്നാലും ഞങ്ങൾ അങ്ങനെ ചെയ്യില്ല” – എസെക്കിയേൽ പറയുന്നു.

ആയുധധാരികളുമായ ഇസ്ലാമിസ്റ്റ് തീവ്രവാദികൾ കഴിഞ്ഞ 20 വർഷംകൊണ്ട് പതിനായിരക്കണക്കിന് ക്രിസ്ത്യാനികളെ കൊല്ലുകയും മുപ്പത് ലക്ഷത്തിലധികം ആളുകളെ ഭവനരഹിതരാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും അത് തുടർന്നുകൊണ്ടിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.