ലോകത്താകമാനം ക്രൈസ്തവ പീഡനങ്ങൾ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്

ഇസ്ലാമിക തീവ്രവാദികളും ദേശീയവാദികളും ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾക്കെതിരെ നടത്തുന്ന പീഡനങ്ങൾ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്. കാത്തലിക് ചാരിറ്റി എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (എസിഎൻ) വിശ്വാസത്തിനു വേണ്ടി അടിച്ചമർത്തപ്പെട്ട ക്രിസ്ത്യാനികളെക്കുറിച്ച് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.

നൈജീരിയയിലെ ദൈവാലയത്തിൽ ഞായറാഴ്ച ശുശ്രൂഷക്കിടെ 40- ലധികം പേരെ കൊലപ്പെടുത്തിയ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം ഒരു ഉദാഹരണമാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വർദ്ധിച്ചുവരുന്ന അക്രമങ്ങളെക്കുറിച്ച് ബിഷപ്പ് അരോഗുണ്ടാഡെ വെളിപ്പെടുത്തുന്നുണ്ട്. 2021 ജനുവരിക്കും 2022 ജൂണിനുമിടയിൽ 7,600- ലധികം ക്രൈസ്തവരാണ് നൈജീരിയയിൽ കൊല്ലപ്പെട്ടിട്ടുള്ളത്. 2022 മെയ് മാസത്തിൽ 20 നൈജീരിയൻ ക്രിസ്ത്യാനികളെ ഇസ്ലാമിസ്റ്റ് ഭീകരസംഘടനയായ ബോക്കോ ഹറാം കൊലപ്പെടുത്തിയിരുന്നു.

ഏഷ്യയിൽ, ഭരണകൂട സ്വേച്ഛാധിപത്യം വഷളായ അടിച്ചമർത്തലിലേക്ക് നയിച്ചു. ഉത്തര കൊറിയയാണ് അതിന്റെ ഉച്ചസ്ഥായിയിലെത്തി നിൽക്കുന്നത്. ഇന്ത്യയിലും ശ്രീലങ്കയിലും യഥാക്രമം ഹിന്ദുത്വ, സിംഹള ബുദ്ധ ദേശീയവാദ ഗ്രൂപ്പുകൾ സജീവമായതോടെ, മതദേശീയത ഈ മേഖലയിൽ ക്രിസ്ത്യാനികൾക്കെതിരെ വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്ക് കാരണമായി. അധികാരികൾ വിശ്വാസികളെ അറസ്റ്റ് ചെയ്യുകയും പള്ളിയിലെ ശുശ്രൂഷകൾ നിർത്തുകയും ചെയ്തു. 2021 ജനുവരി മുതൽ 2022 ജൂൺ ആരംഭം വരെ 710 ക്രിസ്ത്യൻ വിരുദ്ധ അക്രമസംഭവങ്ങൾ ഇന്ത്യയിലുണ്ടായി.

സിറിയയിൽ, ക്രിസ്ത്യാനികൾ ജനസംഖ്യയുടെ 10 ശതമാനത്തിൽ നിന്ന് രണ്ടു ശതമാനത്തിൽ താഴെയായി കുറഞ്ഞു. യുദ്ധം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് 1.5 ദശലക്ഷത്തിൽ ആയിരുന്ന ക്രൈസ്തവർ ഇന്ന് 3,00,000 ആയി കുറഞ്ഞു. ഇറാഖിലെ പലായനത്തിന്റെ വേഗത കുറവാണെങ്കിലും 2014- ലെ ഇസ്ലാമിക തീവ്രവാദികളുടെ (ISIS) അധിനിവേശത്തിനു മുമ്പ് ഏകദേശം 3,00,000 ആയിരുന്ന ക്രിസ്ത്യൻ സമൂഹം, 2022 ടെ 1,50,000 ആയി കുറഞ്ഞു. ഈജിപ്ത്, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ, ക്രിസ്ത്യൻ പെൺകുട്ടികൾ പതിവായി തട്ടിക്കൊണ്ടു പോകലിനും ബലാത്സംഗത്തിനും വിധേയരാകുന്നതായി കണ്ടെത്തിയതായും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.

സർവ്വേയിൽ പങ്കെടുത്ത 24 രാജ്യങ്ങളിൽ 75 ശതമാനം രാജ്യങ്ങളിലും ക്രിസ്ത്യാനികൾക്കു നേരെയുള്ള അടിച്ചമർത്തലോ, പീഡനമോ വർദ്ധിച്ചതായി കണ്ടെത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.