എത്യോപ്യയിലെ ക്രൈസ്തവ പീഡനങ്ങൾ അവഗണിക്കരുത്; ലോകരാജ്യങ്ങളോട് വത്തിക്കാനും മനുഷ്യാവകാശ സംഘടനകളും

ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ ക്രൈസ്തവർ നേരിടുന്ന കടുത്ത പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര സമൂഹം അവഗണിക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര ക്രിസ്ത്യൻ സംഘടനയായ ഐ.സി.സി (International Christian Concern) റിപ്പോർട്ട് പുറത്തുവിട്ടു. ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായിട്ടും എത്യോപ്യയുടെ വിവിധ ഭാഗങ്ങളിൽ വിശ്വാസികൾ ഭീതിയുടെ നിഴലിലാണ് കഴിയുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

അക്രമത്തിന്റെ വിവിധ മുഖങ്ങൾ

എത്യോപ്യയിലെ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾ സങ്കീർണ്ണമാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വംശീയ സംഘർഷങ്ങൾ മതപരമായ ആക്രമണങ്ങളായി മാറുന്നു. ഇസ്‌ലാം മതത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് സ്വന്തം കുടുംബങ്ങളിൽ നിന്നും കടുത്ത ഭീഷണിയുണ്ട്. ഒറോമിയ മേഖലയിൽ സായുധ സംഘങ്ങൾ ക്രൈസ്തവ ദൈവാലയങ്ങൾ ലക്ഷ്യം വച്ച് ആക്രമണങ്ങൾ നടത്തുന്നു. ദൈവാലയങ്ങൾ തകർക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നതിനൊപ്പം വൈദികരും വിശ്വാസികളും കൊല്ലപ്പെടുകയോ നാടുവിടാൻ നിർബന്ധിതരാവുകയോ ചെയ്യുന്നു.

വടക്കൻ എത്യോപ്യയിലെ ടൈഗ്രേ മേഖലയിൽ നടന്ന ആഭ്യന്തര യുദ്ധം ക്രൈസ്തവ സഭയുടെ ചരിത്രപരമായ പൈതൃകത്തിന് വലിയ ആഘാതമേൽപ്പിച്ചു. പുരാതനമായ ആശ്രമങ്ങളും ക്രിസ്ത്യൻ കേന്ദ്രങ്ങളും തകർക്കപ്പെട്ടത് വലിയൊരു ആത്മീയ നഷ്ടമായി വിലയിരുത്തപ്പെടുന്നു. ക്രിസ്ത്യൻ പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോയി മതം മാറ്റാൻ ശ്രമിക്കുന്ന സംഘങ്ങൾ സജീവമാണെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. അതേസമയം പട്ടിണിയും ദാരിദ്ര്യവും വിശ്വാസികളെ സമ്മർദ്ദത്തിലാക്കാൻ ഉപയോഗിക്കപ്പെടുന്നു.

ലെയോ പതിനാലാമൻ മാർപാപ്പ എത്യോപ്യയിലെ സമാധാനത്തിനായി തുടർച്ചയായി പ്രാർഥിക്കുകയും അവിടത്തെ ക്രൈസ്തവർ നേരിടുന്ന ദുരിതങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. “മനസ്സാക്ഷിയുടെ സ്വാതന്ത്യം ഓരോ മനുഷ്യന്റെയും അവകാശമാണ്, അത് സംരക്ഷിക്കപ്പെടണം” മാർപാപ്പ ഓർമ്മിപ്പിച്ചു.

നൈജീരിയയിലെ ക്രൈസ്തവ പീഡനങ്ങൾ ലോകശ്രദ്ധ നേടുമ്പോൾ, എത്യോപ്യയിലെ സമാനമായ സാഹചര്യങ്ങൾ പലപ്പോഴും വിസ്മരിക്കപ്പെടുകയാണ്. അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ എത്യോപ്യയിലെ മതസ്വാതന്ത്ര്യം ഉറപ്പാക്കാൻ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തണമെന്നും ഐ.സി.സി ആവശ്യപ്പെട്ടു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.