പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി; മതംമാറ്റി നിർബന്ധിത വിവാഹം

പാക്കിസ്ഥാനിലെ ഫൈസലാബാദിൽ മുസാഫർ കോളനിയിൽ താമസിക്കുന്ന മീരബ് പാലൂസ് എന്ന 15 വയസുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നിർബന്ധിച്ച് മതംമാറ്റി വിവാഹം കഴിച്ചു. അയൽവാസിയായ ഇസ്ലാം മതവിശ്വാസിയുടെ കുടുംബമാണ് ഈ സംഭവത്തിന് പിന്നിൽ.

ജൂൺ 22-ന് വൈകുന്നേരം അയൽവാസിയായ ഗുൽനാസിനൊപ്പം മീരബ് തന്റെ വീട്ടിലായിരുന്നു. മീരബിന്റെ കുടുംബം ഉറങ്ങാൻ പോയപ്പോൾ, ഗുൽനാസ് മീരബിന് മയക്കുമരുന്നും ഉറക്കഗുളികയും കലർത്തിയ ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ കൊടുത്തു. പെൺകുട്ടി ഉറങ്ങിയപ്പോൾ ഗുൽനാസിന്റെ രണ്ടാനച്ഛൻ മുഹമ്മദ് ആസിഫിനെ വിളിച്ച്, മുഹമ്മദ് ആസിഫും ഗുൽനാസും ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. അർദ്ധരാത്രിയോടെ, മീരബ് വീട്ടിൽ ഇല്ലെന്നു മനസിലാക്കിയ അവളുടെ മാതാപിതാക്കൾ മകളെ അന്വേഷിക്കാൻ തുടങ്ങി. ഗുൽനാസിന്റെ വീട്ടിലും അന്വേഷിച്ചു ചെന്നെങ്കിലും അവർ സംഭവം മാതാപിതാക്കളിൽ നിന്നും മറച്ചുവച്ചു.

മീരബ് ​​ഇസ്ലാം മതം സ്വീകരിക്കണമെന്നും മുഹമ്മദ് ആസിഫിനെ വിവാഹം കഴിക്കണമെന്നും ഗുൽനാസിന്റെ കുടുംബം പിതാവിനോട് ആവശ്യപ്പെടുകയായിരുന്നു. മാതാപിതാക്കൾ പോലീസിനെ സമീപിച്ചെങ്കിലും പരാതി രജിസ്റ്റർ ചെയ്തില്ല. പിന്നീട് മാതാപിതാക്കൾ ഹ്യൂമൻ റൈറ്റ്സ് ഫോക്കസ് പാകിസ്ഥാനിൽ (എച്ച്ആർഎഫ്പി) സഹായം അഭ്യർത്ഥിക്കുകയായിരുന്നു.

അതിനിടെ, മീരബ് സ്വമനസാലെയാണ് വിവാഹം കഴിച്ചതെന്ന വ്യാജ സാക്ഷ്യപത്രത്തോടെ ജൂൺ 23-ന് മതപരിവർത്തന സർട്ടിഫിക്കറ്റും വിവാഹ സർട്ടിഫിക്കറ്റും ഗുൽനാസും കുടുംബവും ഫൈസലാബാദ് കോടതിയിൽ ഹാജരാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് 18 വയസ് പ്രായമുണ്ടെന്നു പറയുന്ന രേഖയും ഇവർ വ്യാജമായി തയ്യാറാക്കി.

പാക്കിസ്ഥാനിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന ഇത്തരം അധിക്രമങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ് സർക്കാരും പോലീസും. ഒരു വർഷത്തിനിടെ പാക്കിസ്ഥാനിൽ നിന്നും ക്രൈസ്തവ, ഹിന്ദു ന്യൂനപക്ഷ വിഭാഗത്തിൽ നിന്നും ആയിരത്തിലധികം പെൺകുട്ടികളെയാണ് തട്ടിക്കൊണ്ടു പോയിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.