പാക്കിസ്ഥാനിൽ തട്ടിക്കൊണ്ടു പോകപ്പെട്ട ക്രൈസ്തവ പെൺകുട്ടിയെ കണ്ടെത്തി; പൊലീസിന് നന്ദി അറിയിച്ച് പ്രാദേശിക ക്രൈസ്തവസമൂഹം

പാക്കിസ്ഥാനിലെ ഫൈസലാബാദിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട പതിനഞ്ചു വയസുകാരി സാബയെ വീട്ടിൽ തിരികെയെത്തിച്ച് പോലീസ്. പ്രാദേശിക ക്രൈസ്തവസമൂഹത്തെ പ്രതിനിധീകരിച്ച് പാക്കിസ്ഥാന്റെ ദേശീയ ന്യൂനപക്ഷസഖ്യം ഫൈസലാബാദ് പൊലീസിന് നന്ദി അറിയിച്ചു.

ഫൈസലാബാദ് പൊലീസിന് നന്ദി രേഖപ്പെടുത്തി എഴുതിയ കത്തിൽ, പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകൾ കൈകാര്യം ചെയ്യുന്ന പരമ്പരാഗതരീതി ഉപേക്ഷിക്കണമെന്ന് അവർ പോലീസിനോട് ആവശ്യപ്പെട്ടു. ഇത്തരം കേസുകളിൽ ജഡ്ജിമാർ പലപ്പോഴും, ഇരകളെ തട്ടിക്കൊണ്ടു പോയവർക്കു തന്നെ കൈമാറുന്ന രീതിയാണ് കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

മെയ് 20-നാണ് സാബയെ സ്കൂളിലേക്കുള്ള യാത്രാമധ്യേ രണ്ട് ഇസ്ലാം മതവിശ്വാസികൾ തട്ടിക്കൊണ്ടു പോയത്. സാബയെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാനും തുടർന്ന് നിർബന്ധിച്ച് വിവാഹം കഴിക്കാനുമായിരുന്നു ഇവരുടെ ഉദ്ദേശ്യം. സാബയുടെ മോചനത്തിനായി പാക്കിസ്ഥാന്റെ ദേശീയ ന്യൂനപക്ഷസഖ്യം സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഹ്യൂമൻ റൈറ്റ്സ് ഫോക്കസ് പാക്കിസ്ഥാൻ (എച്ച്ആർഎഫ്പി) എന്ന സംഘടനയിലെ പ്രവർത്തകരും ഇവർക്കൊപ്പമുണ്ടായിരുന്നു.

പാക്കിസ്ഥാനിലെ ക്രൈസ്തവരും മറ്റ് ന്യൂനപക്ഷ മതവിഭാഗങ്ങളും തങ്ങളുടെ സമുദായങ്ങളിലെ യുവതികൾക്കു നേരെയുള്ള ഇത്തരം ആക്രമണങ്ങളെ പല തവണ അപലപിച്ചിട്ടുണ്ട്. പോലീസിന്റെയും ജുഡീഷ്യൽ അധികാരികളുടെയും പക്ഷപാതപരമായ പെരുമാറ്റമാണ് ഇത്തരം ആക്രമണങ്ങൾ വർദ്ധിക്കുന്നതിന് കാരണമെന്നും അവർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.