പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മതം മാറ്റി, പീഡിപ്പിച്ചു; മുഖ്യപ്രതിയെ അറസ്റ്റ് ചെയ്യാൻ തയ്യാറാകാതെ പോലീസ്

പാക്കിസ്ഥാനിൽ പതിനഞ്ചു വയസുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയും മതപരിവർത്തനം നടത്തി വിവാഹം കഴിക്കുകയും ചെയ്‌തു. സബ നദീം മസിഹ് എന്ന പെൺകുട്ടിയെയാണ് 45-കാരനായ മുഹമ്മദ് യാസിർ ഹുസൈൻ തട്ടിക്കൊണ്ടു പോയത്. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും സാക്ഷികൾ ഉണ്ടായിട്ടും മുഖ്യപ്രതിയായ മുഹമ്മദ് ഇപ്പോഴും ഒളിവിലാണ്. മെയ് 20-നാണ് മുഹമ്മദ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്.

മൂത്ത സഹോദരിയോടൊപ്പം ജോലിക്കു പോയ സബയെ, മുഹമ്മദ് തട്ടിക്കൊണ്ടു പോവുകയായിരുന്നു. “ഞങ്ങൾ ജോലിക്ക് പോവുകയായിരുന്നു. എന്റെ സഹോദരിയെ തള്ളിയിട്ടതിനു ശേഷം പ്രതി എന്നെ വാഹനത്തിൽ കയറ്റി കൊണ്ടുപോയി. രണ്ടു ദിവസമായി ബോധരഹിതയായിരുന്നു. ബോധം തിരിച്ചുകിട്ടുമ്പോൾ ഞാൻ ഫൈസലാബാദിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള വടക്ക് ഗുജറാത്ത് നഗരത്തിലായിരുന്നു. രണ്ടു ദിവസത്തോളം അയാൾ എന്നെ പീഡിപ്പിച്ചു. എന്റെ മാതാപിതാക്കളോട് സംസാരിക്കാൻ അനുവദിക്കണമെന്ന് ഞാൻ കരഞ്ഞുപറഞ്ഞെങ്കിലും അവർ കേട്ടില്ല. രണ്ട് ദിവസത്തിനു ശേഷം പ്രതി എന്നെ ബന്ദിയാക്കി വച്ചിരുന്ന സ്ഥലത്ത് എന്നെ തനിച്ചാക്കി കടന്നുകളഞ്ഞു” – സബ വെളിപ്പെടുത്തുന്നു.

സബയുടെ തിരോധനത്തിനു ശേഷം സഭാമേലദ്ധ്യക്ഷന്മാരും മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ, പോലീസ് മുഹമ്മദിന്റെ ബന്ധുക്കളിൽ കുറഞ്ഞത് 20 പേരെയെങ്കിലും ചോദ്യം ചെയ്‌തിട്ടുണ്ട്. ഈ പ്രതിഷേധങ്ങളാണ് സബയുടെ മോചനത്തിന് കാരണമായത്. മുഖ്യപ്രതി മുഹമ്മദ് ഇപ്പോഴും ഒളിവിലാണ്.

“ഈ കേസിലെ പ്രതികൾ ന്യൂനപക്ഷ മതങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ എങ്ങനെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നും പിന്നീട് അവരുടെ കുറ്റകൃത്യങ്ങളിൽ നിന്ന് മുക്തി നേടുന്നതിനായി ഇസ്ലാമിക വിവാഹത്തിന്റെയും മതപരിവർത്തനത്തിന്റെയും തെറ്റായ രേഖകൾ തയ്യാറാക്കുന്നുവെന്നും വ്യക്തമാണ്. പ്രതികൾ പോലീസിന് സമർപ്പിച്ച ഇസ്ലാമിക നിക്കാഹും മതപരിവർത്തന സർട്ടിഫിക്കറ്റും വ്യാജമാണെന്ന് സബയുടെ മൊഴി തെളിയിക്കുന്നു. നിയമാനുസൃതമായ പീഡനത്തിനും അനുബന്ധ കുറ്റങ്ങൾക്കും അയാൾക്കെതിരെ ഇപ്പോൾ കുറ്റം ചുമത്തുകയും ന്യൂനപക്ഷ പെൺകുട്ടികളെ ലക്ഷ്യമിടുന്ന എല്ലാവർക്കും ഈ കേസ് മാതൃകയാകുകയും വേണം” – മനുഷ്യാവകാശ പ്രവർത്തകനായ ഡാനിയൽ പറഞ്ഞു.

കത്തോലിക്കാ ബിഷപ്പുമാരുടെ പാക്കിസ്ഥാൻ കോൺഫറൻസിന്റെ നാഷണൽ ‘ജസ്റ്റിസ് ആൻഡ് പീസ്’ കമ്മീഷൻ പ്രകാരം, നിർബന്ധിത വിവാഹത്തിനും ഇസ്‌ലാമിലേക്കുള്ള പരിവർത്തനത്തിനും വേണ്ടി ഓരോ വർഷവും ഏകദേശം ആയിരത്തോളം ക്രൈസ്തവ – ഹിന്ദു പെൺകുട്ടികളെയാണ് തട്ടിക്കൊണ്ടു പോകുന്നത്. 2020-ൽ 15 കേസുകളും 2021-ൽ ഏകദേശം 60 കേസുകളുമുള്ളതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.