പാക്കിസ്ഥാനിൽ നിന്ന് ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി

പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പെൺകുട്ടിയായ സാഭയെ സ്‌കൂളിലേക്കുള്ള യാത്ര മധ്യേ കാണാതായി. മെയ് 20- ന് ഫൈസലാബാദിൽ നിന്നാണ് 14- കാരിയായ പെൺകുട്ടിയെ ഇസ്ലാം മതവിശ്വാസികൾ തട്ടിക്കൊണ്ടുപോയത്.

“2022 മെയ് 20- ന് രാവിലെ മക്കളായ സാഭയും മുക്കാദസും സ്‌കൂളിലേക്ക് പോവുകയായിരുന്നു. അൽനൂർ ഗാർഡനിലെ റസൂൽ പാർക്കിൽ എത്തിയപ്പോൾ മുസ്ലീങ്ങളായ യാസിറും മുഹമ്മദ് റിയാസും അവരുടെ സുഹൃത്തുക്കളും ചേർന്ന്, മുക്കാദസിനെ റോഡിലേക്ക് തള്ളിയിട്ട് സാഭയെ തട്ടിക്കൊണ്ടുപോയി”- അമ്മയായ റുബീന ബീബി പറഞ്ഞു. താരിഖ് ഇഖ്ബാലും ആമിർ ദൻയാലും ഈ സംഭവത്തിന് സാക്ഷികളാണ്.

തട്ടിക്കൊണ്ടുപോയവരെ പിടികൂടാൻ പൊലീസ് നടപടികൾ സ്വീകരിക്കുന്നില്ലെന്നും യാസിറിന്റെ അമ്മയെയാണ് അവർ അറസ്റ്റ് ചെയ്തതെന്നും റുബീന പറഞ്ഞു. സാഭ ഇസ്ലാം മതം സ്വീകരിച്ച് യാസിറിനെ വിവാഹം കഴിച്ചുവെന്ന് പറഞ്ഞ് കേസ് അന്വേഷണം അട്ടിമറിക്കുകയാണെന്നും റുബീന ആരോപിച്ചു. മാത്രമല്ല, യാസിറിന് മൂന്ന് ഭാര്യമാരും നിരവധി കുട്ടികളുമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

റുബീനയ്ക്കും ഭർത്താവ് നാദീമിനും അഞ്ച് മക്കളാണ് ഉള്ളത്. ഫൈസലാബാദിലെ ദൗദ് കോളനിയിലെ വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്. നദീം മസിഹ് ഇൻസാഫ് ടെക്സ്റ്റൈൽ പ്രിന്റിംഗ് മിൽസിൽ തൊഴിലാളിയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ഈ രണ്ട് പെൺകുട്ടികളും മറ്റ് വീടുകളിൽ വീട്ടുജോലിക്കായും പോകുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.