
ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ ബാവോഡിംങ് രൂപതയിൽ നിന്നുള്ള പത്ത് കത്തോലിക്കാ വൈദികരെ തടങ്കലിൽ വച്ച് ചൈനീസ് ഭരണകൂടം. 2022 ജനുവരി മാസത്തിൽ കാണാതായ ഇവരെ പ്രാദേശിക അധികാരികൾ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് വിവരം.
“2018- ലെ ചൈന – വത്തിക്കാൻ കരാറിനു ശേഷം ചൈനീസ് കത്തോലിക്കാ സഭ വളരുകയാണെന്ന് വിശ്വസിപ്പിക്കാൻ ബെയ്ജിംഗ് ശ്രമിക്കുന്നുണ്ട്. എന്നാൽ ചൈനയിലെ കത്തോലിക്കർ കഷ്ടത അനുഭവിക്കുന്നു എന്നതാണ് സത്യം. ചൈനയിലെ കത്തോലിക്കാ സഭാതലവന്മാർ ദേശഭക്തി വിദ്യാഭ്യാസത്തിന് വിധേയരാകുകയും അതോടോപ്പം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന ചൈനയുടെ ഔദ്യോഗികസഭയിൽ ചേരാൻ നിർബന്ധിതരാകുകയും ചെയ്യുന്നു. ഔദ്യോഗികസഭയിൽ ചേരാൻ വിസമ്മതിക്കുന്നവരെ ബാവോഡിംങ്ങിലെ പത്ത് വൈദികരെപ്പോലെ നിർബന്ധിത തിരോധാനത്തിന് ഇരയാക്കുകയാണ്. ഈ വിഷയത്തിൽ വത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ച് ചൈനയിലെ കത്തോലിക്കരുടെ നീതിക്കു വേണ്ടി നിലകൊള്ളണം” – ഐസിസി-യുടെ തെക്കുകിഴക്കൻ ഏഷ്യ റീജിയണൽ മാനേജർ ജിന ഗോഹ് പറഞ്ഞു.
ചൈനീസ് ഭരണകൂടത്തിനു കീഴിലുള്ള സംഘടനയിൽ അംഗമാകാൻ വിസമ്മതിച്ചതിനെ തുടർന്ന് ബാവോഡിംങ് രൂപതയുടെ ബിഷപ്പ് ജെയിംസ് സു ഷിമിനെ 1997- ൽ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 2003- ൽ ചൈനയിലെ ഒരു ആശുപത്രിയിൽ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രി വിട്ട ശേഷം ആരും കണ്ടിട്ടില്ല. 2016- ൽ ഫാ. യാങ് ജിയാൻവെയെയും 2020 നവംബറിൽ, രണ്ട് വൈദികരെയും പന്ത്രണ്ടിലധികം വൈദികാർത്ഥികളെയും സന്യസ്തരെയും ചൈനീസ് ഭരണകൂടം ബലമായി പിടിച്ചുകൊണ്ടു പോയിട്ടുണ്ട്.
തടങ്കലിലുള്ള ചിലരെ മോചിപ്പിച്ചിട്ടുണ്ടെങ്കിലും ചൈനയുടെ ഔദ്യോഗികസഭയിൽ ചേരാൻ വിസമ്മതിക്കുന്നവരെ തട്ടിക്കൊണ്ടു പോകുന്നത് ചൈനീസ് ഭരണകൂടം തുടരുകയാണ്.