കർദ്ദിനാൾ സെന്നിന്റെ അറസ്റ്റിനോട് പ്രതികരിച്ച് ചൈനീസ് കത്തോലിക്കർ

ഹോങ് കോങ്ങിലെ കർദ്ദിനാൾ ജോസഫ് സെന്നിന്റെ അറസ്റ്റിനോട് പ്രതികരിച്ച് ചൈനീസ് കത്തോലിക്കർ. ജനങ്ങളെ ഭയപ്പെടുത്താനും മുന്നോട്ടുള്ള കാര്യങ്ങൾ  കൂടുതൽ നിയന്ത്രിക്കാനുമുള്ള സൂചനയാണ് ഈ നടപടികൾ എന്ന് അവർ പ്രതികരിച്ചു.

“മെയ് 8- ന് പുതിയ ഹോങ് കോങ്ങ് ചീഫ് എക്‌സിക്യൂട്ടീവായി ജോൺ ലീയെ തിരഞ്ഞെടുത്തതാണ് 90 വയസ്സുള്ള കർദിനാളിന്റെയും മറ്റ് ജനാധിപത്യ അനുഭാവികളുടെയും അറസ്റ്റിന് പിന്നിലെ പ്രധാന കാരണം. താൻ പാർട്ടിയോട് വിശ്വസ്തനാണെന്നും പാർട്ടിക്ക് എതിരായ ശക്തികളോട് താൻ കർക്കശമായി പെരുമാറുന്നുണ്ടെന്നും ധരിപ്പിക്കാനുള്ള ലീയുടെ നടപടിയാണിത്. ഭാവിയിൽ ഹോങ് കോങ്ങ് കൂടുതൽ നിയന്ത്രിതമാകാനാണ് സാധ്യത. ഹോങ് കോങിലെ കത്തോലിക്കാ സഭ കൂടുതൽ നിരീക്ഷിക്കപ്പെടും”- ഒരു ചൈനീസ് കത്തോലിക്കൻ വെളിപ്പെടുത്തി. കർദ്ദിനാൾ സെൻ സത്യത്തിന്റെ ശബ്ദമാണെന്നും അദ്ദേഹത്തിന്റെ അറസ്റ്റ് ജനങ്ങളെ ഒരുപോലെ ഭയപ്പെടുത്തുകയും കണ്ണീരിലാഴ്ത്തുകയും ചെയ്‌തെന്നും അവർ കൂട്ടിച്ചേർത്തു.

ലീ ഒരു കത്തോലിക്കനാണ്. മുമ്പ് ഹോങ്കോങ്ങിന്റെ സുരക്ഷാ മേധാവിയായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം ജനാധിപത്യ അനുകൂല പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്‌തിരുന്നു. ജൂലൈ ഒന്നിനാണ് അദ്ദേഹം ഹോങ് കോങ്ങിന്റെ ചീഫ് എക്‌സിക്യൂട്ടീവായി ചുമതലയേൽക്കുന്നത്. 2017 മുതൽ ഈ പദവി വഹിച്ചിരുന്നത് കത്തോലിക്കനായ ക്യാരി ലാമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.