
വിശുദ്ധവാര തിരുക്കർമ്മങ്ങൾ തടയാൻ ഷെജിയാങ്ങിലെ ബിഷപ്പ് ഷാവോ ഷുമിനെ മാറ്റിനിർത്തി ചൈനീസ് സർക്കാർ. ഏപ്രിൽ ഏഴിനാണ് വിമാനമാർഗ്ഗം ബിഷപ്പിനെ അവർ അജ്ഞാതസ്ഥലത്തേക്ക് മാറ്റിയത്.
ചൈനീസ് സർക്കാർ ഇപ്പോഴും കത്തോലിക്കാ സഭയുടെ അധികാരികൾക്ക് രാജ്യത്ത് പൂർണ്ണ അനുവാദം നൽകിയിട്ടില്ല. ബിഷപ്പിന്റെ തിരോധാനത്തിൽ പ്രാദേശിക കത്തോലിക്കർ ആശങ്കാകുലരാണ്. വിശുദ്ധവാരത്തിലെ ചടങ്ങുകൾ ആചരിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ തടയാൻ സർക്കാർ നടത്തിയ നീക്കമാണ് ഇതെന്നാണ് സംശയം.
കഴിഞ്ഞ ഒക്ടോബറിൽ, ബിഷപ്പിനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരുന്നു. ബിഷപ്പ് ഷാവോയ്ക്ക് നവംബർ പകുതിയോടെ മാത്രമാണ് തിരികെ വരാൻ സാധിച്ചത്. രൂപതയുടെ സെക്രട്ടറി ഫാ. ജിയാങ് സുനിയനെയും സർക്കാർ പലതവണ ഇതുപോലെ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്. സർക്കാർ അംഗീകരിച്ച ഔദ്യോഗിക ചൈനീസ് കത്തോലിക്കാ സഭയിൽ ചേരാൻ വിസമ്മതിച്ചതിന്റെ പേരിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബിഷപ്പ് ഷാവോയെ അവർ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്. ഒരു തവണ ഏഴ് മാസം വരെ നീണ്ടു ആ തടങ്കൽ.
വത്തിക്കാനോട് പ്രതിജ്ഞാബന്ധരായ ചൈനയിലെ കത്തോലിക്കാ വൈദികർ സർക്കാരിന്റെ ഭാഗത്തു നിന്നും നിരന്തര പീഡനവും നിർബന്ധിത തിരോധാനവും നേരിടുന്നുണ്ട്. പത്തിലധികം കത്തോലിക്കാ വൈദികരെ സർക്കാർ ഇതിനോടകം തടങ്കലിലാക്കിയിട്ടുണ്ട്. ബിഷപ്പ് അഗസ്റ്റിൻ കുയി തായ് 10 വർഷത്തിലേറെയായി വീട്ടുതടങ്കലിലാണ്. അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ഷാങ് ജിയാൻലിനെയും ജനുവരിയിൽ കാണാതായിരുന്നു. അവർ എവിടെയാണെന്നുളത് ഇപ്പോഴും അജ്ഞാതമാണ്.