
കത്തോലിക്കാ സഭ ഒരു സെ ഡേ വെക്കേന്റെ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ, ചൈനയിൽ വത്തിക്കാൻ നിയമിച്ച ഒരു ബിഷപ്പ് നയിക്കുന്ന ഒരു രൂപത ഉൾപ്പെടെയുള്ള ഇടങ്ങളിൽ രണ്ടു ബിഷപ്പുമാരെ ഏകപക്ഷീയമായി തിരഞ്ഞെടുത്തു. റോമിൽ നിന്ന് സഭയുടെ സ്വയംഭരണാവകാശം ഉറപ്പിക്കാൻ ചൈനീസ് അധികാരികൾ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തിരഞ്ഞെടുപ്പ്.
ഏപ്രിൽ 28 ന് ഷാങ്ഹായിലെ വികാരി ജനറലായ ഫാ. വു ജിയാൻലിനെ, പ്രാദേശിക പുരോഹിതരുടെ ഒരു സമ്മേളനം നഗരത്തിലെ പുതിയ സഹായമെത്രാനായി തിരഞ്ഞെടുത്തു. അടുത്ത ദിവസം ഫാ. ലി ജിയാൻലിൻ സിൻക്സിയാങ് രൂപതയുടെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതായി സ്പാനിഷ് പത്രമായ എ സി ഐ പ്രൻസ റിപ്പോർട്ട് ചെയ്യുന്നു.
ചൈനയിലെ ഈ നിയമനങ്ങൾ പുതിയ മാർപാപ്പയ്ക്ക് ഒരു പ്രാരംഭ നയതന്ത്ര വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. വത്തിക്കാൻ ഇപ്പോൾ ബിഷപ്പ് ജോസഫ് ഷാങ് വീഷുവിനെ രൂപതയുടെ നിയമാനുസൃത ബിഷപ്പായി അംഗീകരിക്കുന്നു. 1991 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ രഹസ്യമായി നിയമിച്ച ഷാങ്, ചൈനീസ് ഭരണകൂടത്തിന്റെ അംഗീകാരമില്ലാതെ പതിറ്റാണ്ടുകളായി ശുശ്രൂഷയ്ക്കായി സമർപ്പിച്ച്, നിരവധി തവണ അറസ്റ്റിലായിട്ടുണ്ട്.