ഹോംഗ്-കോംഗിൽ മതസ്വാതന്ത്ര്യം നിഷേധിച്ച് ചൈനീസ് സർക്കാർ

ഹോംഗ്-കോംഗിലെ മതസ്വാതന്ത്ര്യം ഇല്ലാതാക്കാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി തന്ത്രങ്ങൾ പ്രയോഗിക്കുന്നുവെന്ന് ഹോംഗ്-കോംഗിലെ വൈദികനായ ഫാ. വിൻസെന്റ് വൂ. ഏപ്രിൽ 21- ന് നൽകിയ ഒരു അഭിമുഖത്തിലാണ് കാനോൻ നിയമ അഭിഭാഷകനും കൂടിയായ വൈദികൻ ഇപ്രകാരം പറഞ്ഞത്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പുനർവിദ്യാഭ്യാസം, പ്രചരണം തുടങ്ങിയ പ്രത്യയശാസ്ത്രതന്ത്രങ്ങൾ മതസ്വാതന്ത്ര്യത്തെ ഹനിക്കാൻ ഉപയോഗിക്കുകയാണ്. “പല ക്രൈസ്തവനേതാക്കളും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങൾക്കെതിരെ സംസാരിക്കാൻ വിമുഖത കാണിക്കുന്നു. ഇവർ തടങ്കലിലാക്കപ്പെടുമോ എന്ന ഭയമാണ് ഇതിനു കാരണം. അടുത്തിടെ, ടിയാനൻമെൻ സ്‌ക്വയർ വിജിലിന്റെ സംഘാടകനെ പിന്തുണച്ച് തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ചതിന് ഒരു പ്രൊട്ടസ്റ്റന്റ് പാസ്റ്ററെ കസ്റ്റഡിയിലെടുത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. വൈദികരും ബിഷപ്പുമാരും സമൂഹത്തിലെ അനീതിക്കെതിരെ സംസാരിക്കാൻ കടപ്പെട്ടവരാണ്” – ഫാ. വിൻസെന്റ് പറഞ്ഞു.

ചൈനയിലെ ഒരു പ്രത്യേക ഭരണപ്രദേശമാണ് ഹോംഗ്-കോംഗ്. 1997- ലാണ് ഹോംഗ്-കോംഗ് ചൈനയുടെ നിയന്ത്രണത്തിലായത്. അവിടുത്തെ പൗരന്മാർ ചരിത്രപരമായി മതസ്വാതന്ത്ര്യം ആസ്വദിച്ചിരുന്നവരാണ്. അതേ സമയം ചൈനയിലുള്ള മതവിശ്വാസികൾക്ക് ഈ സ്വാതന്ത്ര്യം ഇല്ലായിരുന്നു. ചൈനയിലെ വൈദികർക്ക് പരസ്യമായി ശുശ്രൂഷിക്കുന്നതിന് ഗവൺമെന്റിൽ രജിസ്റ്റർ ചെയ്ത ലൈസൻസ് എടുക്കണം. എന്നാൽ ലൈസൻസ് പുതുക്കുന്നതിന്, പുനർവിദ്യാഭ്യാസ ക്ലാസുകളിൽ പങ്കെടുക്കുന്നതു പോലെയുള്ള ചില മാനദണ്ഡങ്ങൾ വൈദികർ പാലിക്കേണ്ടതുണ്ട്. ഈ ലൈസൻസുകൾ എപ്പോൾ വേണമെങ്കിലും റദ്ദാക്കപ്പെടുകയും ചെയ്യാം. കുട്ടികളുടെ മനസ്സിനെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഹോംഗ്-കോംഗിലെ ക്രൈസ്തവ സ്‌കൂളുകളെയും കമ്മ്യൂണിസ്റ്റ് പാർട്ടി ലക്ഷ്യമിടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.