ഉത്ഥിതന്റെ ചിത്രം വരച്ച് മാർപാപ്പക്ക് അയച്ച ബാലന് മറുപടി അയച്ച് പാപ്പാ

“മാർപാപ്പാക്കു വേണ്ടി ഒരു ചിത്രം വരയ്ക്കൂ. ഞാൻ അത് പാപ്പാക്ക് അയക്കാം” – ഏഴു വയസുള്ള ഡിയെഗോയോട് അവന്റെ പിതാവ് ജോസ് കാൽഡറെറോ പറഞ്ഞതാണിത്. ദിവസങ്ങൾക്കു ശേഷം അയച്ച ചിത്രത്തിന് മറുപടിയായി ഒരു കത്ത് വന്നു. സാക്ഷാൽ മാർപാപ്പ തന്നെയാണ് മറുപടി കത്തെഴുതിയത്.

ഡിയെഗോയുടെ പിതാവായ ജോസ്, മാഡ്രിഡിലെ ‘ആൽഫ വൈ ഒമേഗ’ എന്ന ഡിജിറ്റൽ മാസികയിലാണ് ജോലി ചെയ്യുന്നത്. റോമിലെ ക്ലാരറ്റ് പബ്ലിഷിംഗ് ഹൗസ് ഒരു പുസ്തക അവതരണത്തിന്റെ ഭാഗമായി ജോസ് ജോലി ചെയ്യുന്ന ഡിജിറ്റൽ മാസികയുടെ ഡയറക്ടറെയും ഡെപ്യൂട്ടി ഡയറക്ടറെയും ക്ഷണിച്ചു. അവർക്ക് നേരിൽ കാണേണ്ടത് മാർപാപ്പായെ ആയിരുന്നു. തന്റെ കുടുംബത്തിൽ നിന്ന് പാപ്പാക്ക് ഒരു സന്ദേശം അയക്കാനുള്ള ഒരു സുവർണ്ണാവസരമാണിതെന്ന് ജോസ് കരുതി. തുടർന്ന് അദ്ദേഹം തന്റെ മൂന്ന് ആൺമക്കളിൽ മൂത്തയാളായ ഡിയെഗോയോട് മാർപാപ്പാക്കായി ഒരു ചിത്രം വരയ്ക്കാൻ ആവശ്യപ്പെട്ടു. ഉയിർത്തെഴുന്നേറ്റ യേശുവിന്റെ ചിത്രമാണ് അവൻ വരച്ചത്. ആ ചിത്രത്തിന് യോജിക്കുന്ന ഏതാനും വരികൾ കൂടി എഴുതാൻ ഡിയാഗോ തന്റെ പിതാവിനോട് പറഞ്ഞു. എന്നാൽ ജോസ് മറുപടി നൽകുന്നതിനു മുൻപേ ഡിയെഗോ തന്റെ ബോളുമായി കളിക്കാൻ തുടങ്ങിയിരുന്നു. ഡിയെഗോ വരച്ച ചിത്രത്തിന്റെ കൂടെ ഒരു കത്തും ഫോട്ടോയും ചേർക്കാൻ ജോസ് തീരുമാനിച്ചു. ഡിയെഗോ എന്ന ബാലൻ തന്റെ മുത്തച്ഛനൊപ്പം നിൽക്കുന്ന ഒരു ഫോട്ടോയാണ് ജോസ് തിരഞ്ഞെടുത്തത്. അതോടൊപ്പം ഡിയെഗോയും മുത്തച്ഛനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും ഏതാനും വരികൾ അദ്ദേഹം കുറിച്ചു.

വയോധികരും കൊച്ചുമക്കളും തമ്മിലുള്ള ബന്ധത്തിന് ഫ്രാൻസിസ് മാർപാപ്പ തന്റെ പൊതുസദസ്സിൽ പറയുന്ന വാക്കുകൾക്ക് ജോസ് തന്റെ മകന്റെ ചിത്രത്തിലൂടെ നന്ദി പറഞ്ഞു. ഡിയെഗോയും അവന്റെ മുത്തച്ഛനും തമ്മിൽ അത്ഭുതകരമായ ഒരു ബന്ധമാണുള്ളതെന്ന് ജോസ് പറയുന്നു. അവർ കളിക്കുമ്പോൾ, പരസ്പരം സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അവനോട് മുത്തച്ഛൻ പറയാറില്ല. എന്നാൽ വളരെ സ്വാഭാവികമായ രീതിയിൽ ജീവിതത്തെക്കുറിച്ച് അവനോട് സംസാരിക്കുന്നുമുണ്ട്. തീർച്ചയായും ആ ഏഴു വയസുകാരൻ വരച്ച ചിത്രവും അതിനോടൊപ്പം അവന്റെ പിതാവ് അയച്ച ഫോട്ടോയും കുറിപ്പും പാപ്പായെ ഏറെ സ്പർശിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പാപ്പാ ഉടൻ മറുപടി കത്തയച്ചത്.

മാർപാപ്പ അയച്ച മറുപടി കത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു: “വരച്ച ചിത്രത്തിനും കൈമാറിയ ആശംസകൾക്കും നന്ദി. മുത്തച്ഛന്റെ കൂടെ കളിക്കുകയും ആ സമയം ആസ്വദിക്കുകയും ചെയ്യുന്നു എന്നറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. എനിക്കു വേണ്ടി പ്രാർത്ഥിക്കുന്നതിന് നന്ദി. ഞാൻ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കും.”

മാത്രമല്ല, ജോസ് മറ്റൊരു കാര്യം കൂടി കത്തിൽ എഴുതിയിരുന്നു. അത് ഡിയെഗോയുടെ ഉറ്റസുഹൃത്തായ, 10 വയസുകാരൻ മത്തിയോയെ കുറിച്ചാണ്. മത്തിയോയുടെ പിതാവ് രണ്ടു വർഷം മുമ്പ് മരിച്ചു, അമ്മക്ക് സ്തനാർബുദവുമാണ്. അടുത്തിടെ മത്തിയോയുടെ അമ്മ ഓപ്പറേഷന് വിധേയയായിരുന്നു. അവർക്കു വേണ്ടി പ്രാർത്ഥിക്കാനും ജോസ് പാപ്പായോട് ആവശ്യപ്പെട്ടിരുന്നു. മത്തിയോക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുമെന്നും പാപ്പാ മറുപടി കത്തിൽ എഴുതിയിട്ടുണ്ട്.

നിങ്ങൾ മാർപാപ്പായുടെ കത്ത് എന്ത് ചെയ്യാൻ പോകുന്നുവെന്ന് ചിലർ ജോസിനോട് ചോദിച്ചപ്പോൾ മറുപടി ഇപ്രകാരമായിരുന്ന: “ഞങ്ങൾ അത് ഫ്രെയിം ചെയ്‌തു സൂക്ഷിക്കും.”

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.