വര്‍ഗീയ വിഷം ചീറ്റലാണോ കോണ്‍ഗ്രസിന്റെ മതേതര നിലപാടെന്ന് വ്യക്തമാക്കണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാമിന്റെ വര്‍ഗീയ വിഷം ചീറ്റലാണോ കോണ്‍ഗ്രസിന്റെ മതേതര നിലപാടെന്നുള്ളത് സംസ്ഥാന നേതൃത്വം വ്യക്തമാക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

തൃക്കാക്കരയിലെ വിജയം എന്തും പറയാനുള്ള ലൈസന്‍സായി കോണ്‍ഗ്രസ് നേതാക്കള്‍ കാണേണ്ടതില്ല. വോട്ടു രാഷ്ട്രീയത്തിന് കുടപിടിച്ച് ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക് പാദസേവ ചെയ്ത് അവരെ വെള്ളപൂശുന്നവരായി സ്വാതന്ത്ര്യസമര ഉല്പന്നമായ കോണ്‍ഗ്രസിന്റെ അഭിനവ നേതാക്കള്‍ അധഃപതിക്കരുത്. കാലങ്ങളായി രാജ്യത്തുടനീളം നിരന്തരം പരാജയങ്ങള്‍ ഏറ്റുവാങ്ങിയിട്ടും പാഠം പഠിക്കാത്തവര്‍ ഭീകരവാദികളുടെ കളിപ്പാട്ടങ്ങളായി മാറിയിരിക്കുന്നുവെന്നതിന്റെ സൂചനകളാണ് ഇത്തരം പ്രസ്താവനകള്‍.

മയക്കുമരുന്നിനും ഭീകരവാദത്തിനുമെതിരേ ക്രൈസ്തവ സഭാനേതൃത്വം വിശ്വാസി സമൂഹത്തിന് നല്‍കുന്ന മുന്നറിയിപ്പുകള്‍ തെളിവുകളുടെയും യാഥാര്‍ഥ്യങ്ങളുടെയും അടിസ്ഥാനത്തിലാണ്. കേരളം അനുദിനം കണ്ടുകൊണ്ടിരിക്കുന്നതും സംസ്ഥാനത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ഭീകരവാദത്തിനെ മഹത്വവത്ക്കരിച്ച് പാലൂട്ടിവളര്‍ത്തുവാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത് അപക്വവും അപകടകരവും അപലപനീയവുമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളും രാജാന്തര ഏജന്‍സികളും ഭീകരവാദികളുടെ സ്ലീപ്പര്‍ സെല്ലുകള്‍ കേരളത്തിലുണ്ടെന്ന് വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടും ചില കോണ്‍ഗ്രസ് നേതാക്കള്‍ കണ്ണടച്ച് ഇരുട്ടാക്കി ക്രൈസ്തവ ആക്ഷേപം നിരന്തരമായി തുടരുന്നത് ആരുടെ പിന്തുണ നേടിയെടുക്കാനുള്ള അണിയറ അജണ്ടയാണെന്നുള്ളത് അരിയാഹാരം കഴിക്കുന്ന കേരളീയര്‍ക്കെല്ലാം അറിയാം.

മതസൗഹാര്‍ദത്തെ വെല്ലുവിളിക്കുന്ന വര്‍ഗീയവാദികളായ ഇത്തരം അപക്വ നേതാക്കളെ നേതൃത്വത്തില്‍നിന്ന് വെട്ടിമാറ്റാന്‍ നോക്കുന്നില്ലെങ്കില്‍ രാജ്യത്തുടനീളം തകര്‍ച്ച നേരിടുന്ന കോണ്‍ഗ്രസിന് വന്‍ പ്രഹരമേല്‍ക്കേണ്ടിവരുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.