ക്രിസ്ത്യൻ സ്‌കൂളിന് നേരെ ആക്രമണം; മണിപ്പൂരിലെ എല്ലാ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂൺ ഏഴ് മുതൽ അടച്ചിടും

മണിപ്പൂരിലെ എല്ലാ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂൺ ഏഴ് മുതൽ അടച്ചിടാൻ മണിപ്പൂരിലെ കത്തോലിക്കാ എഡ്യുക്കേഷണൽ സൊസൈറ്റി തീരുമാനിച്ചു. തലസ്ഥാന നഗരമായ ഇംഫാലിലെ ലിറ്റിൽ ഫ്‌ളവർ സ്‌കൂളിലുണ്ടായ സ്ഫോടനത്തിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം.

പ്രമുഖ ക്രിസ്ത്യൻ മിഷനറി സ്‌കൂളിൽ നടന്ന സംഭവത്തെ തുടർന്ന് മണിപ്പൂരിലെ കത്തോലിക്കാ എഡ്യുക്കേഷണൽ സൊസൈറ്റി (സിഇഎസ്എം) എക്‌സിക്യൂട്ടീവുകളുമായും ആർച്ചുബിഷപ്പ് ഹൗസ് കൂരിയ ഭാരവാഹികളുമായും നടത്തിയ അടിയന്തര യോഗത്തിലാണ് തീരുമാനമെന്ന് സിഎസ്ഇഎം ഡയറക്ടർ ഫാ. സ്റ്റീഫൻ ടൗത്താങ് പറഞ്ഞു. “ജൂൺ അഞ്ചിന് പുലർച്ചെയാണ് ലിറ്റിൽ ഫ്ലവർ സ്കൂളിൽ ചില അജ്ഞാതരായ അക്രമികൾ ബോംബ് സ്‌ഫോടനം നടത്തിയത്. സ്‌ഫോടനത്തിൽ സ്‌കൂൾ കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ നശിക്കുകയും ജനൽ ചില്ലുകൾ തകർക്കപ്പെടുകയും ചെയ്തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല”- ഫാ. സ്റ്റീഫൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രതിഷേധ സൂചകമായി ജൂൺ ആറിന് ലിറ്റിൽ ഫ്ലവർ സ്കൂളിന് മുന്നിൽ ജീവനക്കാരും വിദ്യാർത്ഥികളും കുത്തിയിരിപ്പ് സമരം നടത്തി. വിദ്യാർത്ഥികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും സ്കൂളിനെ അക്രമരഹിത മേഖലയാക്കണമെന്നും പ്രതിഷേധക്കാർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. “ഞങ്ങളുടെ സ്‌കൂളിന് നേരെയുണ്ടായ ബോംബാക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു. ഭയമില്ലാതെ ജീവിക്കാൻ ഞങ്ങളെ അനുവദിക്കൂ. ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കൂ. മഹാമാരിയെ ഞങ്ങൾ അതിജീവിച്ചതേയുള്ളു”- എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകളും പ്രതിഷേധക്കാർ ഉയർത്തി.

വിദ്യാർത്ഥികളുടെ വളർച്ചയ്ക്കും സർവ്വോത്ന്മുഖമായ വികസനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു സ്‌കൂളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണെന്ന് സ്‌കൂൾ ഹെഡ്മിസ്ട്രസ് സി. കൈനി മാർത്ത പറഞ്ഞു. ഐക്യദാർഢ്യത്തോടെ പ്രതിഷേധ പരിപാടിയിൽ പങ്കുചേരാൻ രക്ഷിതാക്കളെയും മുൻകാല വിദ്യാർത്ഥികളെയും സ്കൂൾ ജീവനക്കാരെയും അഭ്യുദയകാംക്ഷികളെയും അവർ ക്ഷണിച്ചു.

അതേസമയം മണിപ്പൂർ കാത്തലിക് യൂണിയനും സംഭവത്തെ അപലപിച്ചു. ഇത്തരം അക്രമങ്ങൾ സ്‌കൂൾ സാഹോദര്യത്തിന് മാത്രമല്ല, വിദ്യാഭ്യാസ അന്തരീക്ഷത്തിനും ദോഷം വരുത്തുമെന്ന് യൂണിയൻ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വളർച്ചയ്ക്കും വികസനത്തിനും അനുയോജ്യമായ അന്തരീക്ഷം ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സുരക്ഷിതമല്ലെങ്കിൽ സമൂഹത്തിന്റെ അടിത്തറ തന്നെ അപകടത്തിലാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.