ഉക്രൈൻ യുദ്ധഭൂമിയിലെ വിശ്വാസ സംരക്ഷകനായ വൈദികൻ

ഉക്രൈനിലെ യുദ്ധഭൂമിയിൽ വിശ്വാസം നിലനിർത്താൻ 2636 കത്തോലിക്കാ വൈദികരാണ് ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. സ്വന്തം ജീവൻ പണയപ്പെടുത്തി അവർ വിശ്വാസികൾക്കു വേണ്ടി കൂദാശകൾ പരികർമ്മം ചെയ്യുന്നു. അതിൽ ഒരു വൈദികനാണ് ഉക്രൈൻ തലസ്ഥാനമായ കീവിൽ പ്രവർത്തിക്കുന്ന ഗ്രീക്ക് കത്തോലിക്കാ വൈദികൻ ഫാ. ആൻഡ്രി. ബുള്ളറ്റ് പ്രൂഫ് കോട്ട് അണിഞ്ഞുകൊണ്ട് അദ്ദേഹം ബങ്കറുകളിലും ഒളിത്താവളങ്ങളിലും വരെ പോയി വിശ്വാസികൾക്കായി പരിശുദ്ധ ബലി അർപ്പിക്കുകയാണ്.

ഫാ. ആൻഡ്രി കത്തോലിക്കാ ഭവനങ്ങൾ സന്ദർശിച്ച് അവർക്ക് പരിശുദ്ധ കുർബാന നൽകുന്നുണ്ട്. അതു മാത്രമല്ല, അവശ്യസാധനങ്ങളും ആ കുടുംബങ്ങളിലേക്ക് എത്തിക്കുന്നു, സൈനികരെ അവരുടെ ചെക്ക്‌പോസ്റ്റുകളിൽ ചെന്ന് സന്ദർശിക്കുന്നു, കുട്ടികളെ സംഘടിപ്പിക്കുന്നു എന്നിങ്ങനെ നീളുന്നു ഫാ. ആൻഡ്രിയുടെ പ്രവർത്തനങ്ങൾ. യുദ്ധഭൂമിയിൽ ക്രിസ്തുവിന്റെ പ്രതിപുരുഷൻ എന്ന നിലയിൽ താൻ തന്റെ കടമ മാത്രമാണ് നിർവ്വഹിക്കുന്നതെന്നാണ് ഈ വൈദികൻ പറയുന്നത്.

“ഞാൻ ദൈവത്തെയും സഭയെയും സേവിക്കുകയാണ്. യുദ്ധം മൂലം മാനസികസംഘർഷങ്ങളിലൂടെ കടന്നുപോകുന്നവരെ ആശ്വസിപ്പിക്കാനും ഞാൻ ശ്രമിക്കുന്നു”- ഫാ. ആൻഡ്രി പറയുന്നു. ഉക്രൈനിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്, അവർക്ക് ആശ്വാസം പകരാൻ നിരവധി വൈദികരാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.