
കാമറൂണിലെ ബമെൻഡ അതിരൂപതയിലെ കോൺഗ്രിഗേഷൻ ഓഫ് ദി സൺസ് ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ (സി.എഫ്.ഐ.സി) അംഗത്തെ അക്രമികൾ കുത്തിക്കൊലപ്പെടുത്തി. നവംബർ ഏഴിന് വൈകുന്നേരമാണ് ബമെൻഡയിലെ എൻഡമുക്കോങ് ജില്ലയിൽവച്ച് ബ്ര. സിപ്രിയൻ എൻഗെ കൊല്ലപ്പെട്ടത്.
“2023 നവംബർ ഏഴിന്, രാത്രി ഒമ്പതുമണിയോടെ ബമെൻഡ III സബ് ഡിവിഷനിലെ എൻഡമുക്കോംഗ് ക്വാർട്ടറിനു സമീപത്തുവച്ചാണ് ബ്ര. സിപ്രിയൻ ആക്രമിക്കപ്പെട്ടത്. ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മെഡിക്കൽ സെന്ററിന്റെ നഴ്‌സും മാനേജരുമായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം തന്റെ ഇളയസഹോദരനും ഒരു ലബോറട്ടറി ടെക്‌നീഷ്യനുമൊപ്പം യാത്രചെയ്യുകയായിരുന്നു. യാത്രയ്ക്കിടെ അക്രമികൾ കല്ലെറിഞ്ഞ് വാഹനത്തിന്റെ ഗ്ലാസ് തകർത്തു. ഡ്രൈവർ സീറ്റിലുണ്ടായിരുന്ന ബ്ര. സിപ്രിയൻ വാഹനത്തിന്റെ വേഗത കുറച്ചപ്പോൾ അക്രമികൾ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു” – ബമെൻഡ അതിരൂപതയിലെ വൈദികനായ ഫാ. ബെൽറ്റസ് അസാൻജി തബെഫോർ സംഭവത്തെക്കുറിച്ചു പറയുന്നു.
ശരീരത്തിൽ പലതവണ കുത്തേറ്റ ബ്രദർ ആശുപത്രിയിൽവച്ചാണ് മരണമടയുന്നത്. മറ്റുള്ളവരെ സഹായിക്കുന്നതിനും സ്നേഹത്തിന്റെയും അനുകമ്പയുടെയും സന്ദേശം പ്രചരിപ്പിക്കുന്നതിനുംവേണ്ടി തന്റെ ജീവിതം സമർപ്പിച്ച വ്യക്തിയാണ് ബ്ര. സിപ്രിയൻ. കാമറൂണിൽ പലയിടങ്ങളിലായി ക്രൈസ്തവർക്കുനേരെ ആക്രമണങ്ങൾ വർധിച്ചുവരികയാണ്. നവംബർ ആറിന്, എഗ്‌ബെക്കാവിൽ ഉറങ്ങിക്കിടന്ന ആളുകൾക്കുനേരെ അജ്ഞാതരായ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 20 -ഓളം പേർ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും വീടുകൾ കത്തിക്കുകയും ചെയ്തു.