ആഫ്രിക്കയിലെ രോഗികളുടെ ആശ്വാസം; ദശലക്ഷം ആളുകൾക്കുള്ള ഒരേയൊരു ഡോക്ടർ

ആറു മാസങ്ങൾക്കു മുമ്പ് സൈന്യം സുഡാനിൽ അട്ടിമറി നടത്തിയിരുന്നു. അതിനെ തുടർന്ന് ആ രാജ്യം ഇപ്പോൾ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധിയിലാണ്. സുഡാന്റെ അയൽരാജ്യമായ ദക്ഷിണ സുഡാനിലും ഈ പ്രതിസന്ധി വ്യാപിച്ചുകഴിഞ്ഞു. ഇരുരാജ്യങ്ങളിലും ഇപ്പോൾ ഭക്ഷ്യക്ഷാമവും രൂക്ഷമാണ്.

2011 മുതൽ 2017 വരെ ആഭ്യന്തരയുദ്ധം നേരിട്ട രാജ്യങ്ങളായിരുന്നു സുഡാനും ദക്ഷിണ സുഡാനും. ഇവർ തമ്മിലുള്ള തർക്കപ്രദേശമായ നുബ പർവ്വതനിരകളിൽ, മദർ ഓഫ് മേഴ്‌സി ഹോസ്പിറ്റലിലെ മിഷനറിയും മെഡിക്കൽ ഡയറക്ടറുമാണ് കത്തോലിക്കനായ ഡോ. ടോം കറ്റേന. സംഘർഷഭരിതമായ ഈ ഇരുരാജ്യങ്ങൾക്കു വേണ്ടിയും 14 വർഷമായി രാപ്പകൽ സേവനം ചെയ്യുകയാണ് ഈ ഡോക്ടർ. ഏകദേശം ഒരു ദശലക്ഷം ആളുകൾക്കുള്ള ഒരേയൊരു ഡോക്ടറാണ് ഇദ്ദേഹം.

“തന്റെ കത്തോലിക്കാ വിശ്വാസമാണ് തന്റെ സേവനത്തിന്റെ അടിസ്‌ഥാനം. ഇവിടുത്തെ ജോലി ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതാണ്. ചില അവസരങ്ങളിൽ നിരാശ തോന്നും. എന്നിരുന്നാലും ഇത്രയും വർഷം ഇവിടെ തുടരാനായതിന്റെ കാരണം ക്രിസ്തുവിലുള്ള വിശ്വാസം മാത്രമാണ്”- ഡോ. ടോം പറഞ്ഞു. എല്ലാവരെയും സഹോദരങ്ങളെപ്പോലെ കാണാനും സ്നേഹിക്കാനും ശുശ്രൂഷിക്കാനുമാണ് ക്രിസ്തു കല്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേഴ്‌സി ഹോസ്പിറ്റലിൽ ഒരു വർഷത്തിൽ തന്നെ അവർ ചികിത്സിക്കുന്നത്‌ അനേകരെയാണ്. ഒരു വർഷം ഏകദേശം 1,60,000 ഔട്ട്‌പേഷ്യൻസും 7,000 കിടപ്പുരോഗികളും 2,100 സർജറികളും നടത്തപ്പെടുന്നു. ഇവിടെ ചികിത്സയ്ക്ക് വരുന്നവർ കൂടുതലും ഇസ്ലാം മതവിശ്വാസികളാണ്. അവരിൽ മിക്കവാറും ആദ്യമായാണ് ക്രൈസ്തവരെയും ക്രൈസ്തവ സ്ഥാപനങ്ങളെയും സമീപിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.