ആഫ്രിക്കയിൽ കത്തോലിക്കാ ബിഷപ്പിനു നേരെ കൊള്ളക്കാരുടെ ആക്രമണം

ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിലെ ഫ്രാൻസിസ് ടൗണിലെ ബിഷപ്പായ ആന്റണി പാസ്കലിനു നേരെ കൊള്ളക്കാരുടെ ആക്രമണം. ഏപ്രിൽ 29- നാണ് 72- കാരനായ ബിഷപ്പിനു നേരെ ആക്രമണം നടന്നത്.

“ആക്രമണം നടന്ന ദിവസം രാത്രിയിൽ അദ്ദേഹം ദേവാലയത്തിൽ പ്രാർത്ഥിക്കുകയായിരുന്നു. അപ്രതീക്ഷിതമായാണ് കൊള്ളക്കാർ അവിടേക്ക് വരികയും അദ്ദേഹത്തെ മർദിക്കുകയും ചെയ്തത്. പിറ്റേ ദിവസം രാവിലെ ബിഷപ്പിനെ ബോധരഹിതനായി കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആക്രമണത്തെക്കുറിച്ച് ബിഷപ്പിന് അധികമൊന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല”- ഗാബോറോണിലെ ആർച്ചുബിഷപ്പ് മോൺസിഞ്ഞോർ ഫ്രാങ്ക് അറ്റീസ് നുബുസാഹ് പറഞ്ഞു. ഇത്തരമൊരു ആക്രമണം നടന്നതിൽ ഖേദിക്കുന്നുവെന്നും ആക്രമിക്കപ്പെട്ട ബിഷപ്പിനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1977 മേയ് മാസത്തിലാണ് ഡിവൈൻ വേഡ് മിഷനറിമാർ എന്ന സന്യാസ സമൂഹത്തിനു വേണ്ടി ആന്റണി പാസ്കൽ വൈദികനായി അഭിഷിക്തനായത്. 1984- ൽ കെനിയയിലെ ഡിവൈൻ വേഡ് മിഷനറിമാരുടെ മൂന്ന് സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. ഇന്ത്യൻ വംശജനായ ബിഷപ്പ് ആന്റണി 2021 ജൂലൈയിലാണ് ഫ്രാൻസിസ് ടൗണിലെ ബിഷപ്പായി നിയമിതനായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.