
കോൺക്ലേവിനു മുൻപുള്ള അവസാന പൊതുസഭയിൽ ലോകസമാധാനത്തിനായി പ്രാർഥന അഭ്യർഥിച്ച് കർദിനാളന്മാർ. അന്തിമ പൊതുസഭയിൽ പങ്കെടുത്ത 173 കർദിനാളന്മാർ സമാധാനത്തിനായി പ്രാർഥനകൾ അഭ്യർഥിക്കുകയും ഉക്രൈൻ, മിഡിൽ ഈസ്റ്റ്, സായുധ സംഘട്ടനങ്ങൾ തുടരുന്ന ലോകത്തിന്റെ മറ്റു ഭാഗങ്ങൾ എന്നിവിടങ്ങളിൽ വെടിനിർത്തലിനായി സംയുക്ത അഭ്യർഥന നടത്തുകയും ചെയ്തു.
“ഉക്രൈനിലും മിഡിൽ ഈസ്റ്റിലും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും സമാധാന പ്രക്രിയകളിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും പ്രത്യേകിച്ച് സിവിലിയൻ ജനതയ്‌ക്കെതിരായ ആക്രമണങ്ങൾ കൂടുതൽ ശക്തമായിട്ടുണ്ടെന്നും ഖേദപൂർവം ചൂണ്ടിക്കാണിക്കുന്നു. ഇതിൽ ഉൾപ്പെട്ട എല്ലാ കക്ഷികളോടും ഞങ്ങൾ ഹൃദയംഗമമായ അഭ്യർഥന നടത്തുന്നു” – വത്തിക്കാൻ പ്രസ്സ് ഓഫീസ് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ അവർ പറഞ്ഞു.
നീതിക്കും ശാശ്വതവുമായ സമാധാനത്തിനായി പ്രാർഥിക്കാൻ അവർ അഭ്യർഥിക്കുകയും എത്രയും വേഗം ഒരു സ്ഥിരമായ വെടിനിർത്തൽ കൈവരിക്കാനും ദുരിതബാധിത ജനവിഭാഗങ്ങളുടെയും മുഴുവൻ ലോകത്തിന്റെയും ദീർഘകാലമായി കാത്തിരുന്ന സമാധാനം മുൻവ്യവസ്ഥകളോ, കൂടുതൽ കാലതാമസമോ ഇല്ലാതെ ചർച്ച ചെയ്യപ്പെടാനും അവർ ആഹ്വാനം ചെയ്തു.