
ആയുധങ്ങളിലൂടെ മാത്രം അടിച്ചേൽപ്പിക്കുന്ന സമാധാനം ശാശ്വതമായിരിക്കില്ലെന്നും അത് വ്യാജമാണെന്നും ഇറ്റാലിയൻ ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റും ഉക്രൈനിലെ സമാധാനത്തിനായുള്ള മാർപാപ്പയുടെ പ്രത്യേക ദൂതനുമായ കർദിനാൾ മത്തിയോ സുപ്പി. ഉക്രൈനിൽ തുടരുന്ന റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധം ഒരിക്കലും പ്രശ്നങ്ങൾക്കുള്ള പരിഹാരമല്ലെന്നും അത് കൂടുതൽ നാശത്തിലേക്കും ദുരന്തങ്ങളിലേക്കുമാണ് നയിക്കുകയെന്നും കർദിനാൾ സുപ്പി ഓർമ്മിപ്പിച്ചു. ആയുധങ്ങൾ ഉപയോഗിച്ച് നേടുന്ന വിജയം താൽക്കാലികം മാത്രമാണെന്നും, യഥാർഥവും സുസ്ഥിരവുമായ സമാധാനം കൈവരിക്കാൻ ആത്മാർഥമായ ചർച്ചകളും നയതന്ത്ര ഇടപെടലുകളും അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധക്കെടുതി അനുഭവിക്കുന്ന ജനതയുടെ ദുരിതം കുറയ്ക്കുന്നതിനും തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിനുമുള്ള വത്തിക്കാന്റെ ശ്രമങ്ങൾ തുടരുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പ്രത്യേകിച്ച്, കുടുംബങ്ങളിൽ നിന്ന് വേർപെടുത്തപ്പെട്ട കുഞ്ഞുങ്ങളെ തിരിച്ചെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സഭ വലിയ പ്രാധാന്യമാണ് നൽകുന്നത്.




