കത്തോലിക്കാ സഭയിൽ രക്തസാക്ഷിത്വം സാധാരണമാണ്: കർദ്ദിനാൾ സെൻ

കത്തോലിക്കാ സഭയിൽ രക്തസാക്ഷിത്വം സർവ്വസാധാരണമാണെന്ന് ഹോങ് കോങ്ങ് കർദ്ദിനാളായ ജോസഫ് സെൻ. മെയ് 24- ന് അർപ്പിച്ച പരിശുദ്ധ ബലിക്കിടയിലാണ് കർദിനാൾ ഇപ്രകാരം പറഞ്ഞത്.

ചൈനയിൽ ജനാധിപത്യ അനുകൂല സംഘടനയ്ക്ക് നേതൃത്വം നൽകിയെന്ന ആരോപണത്തിൽ അറസ്റ്റിലായ അദ്ദേഹം ജയിൽ മോചിതനായിരുന്നു. തുടർന്ന് മെയ് 24- ന് അദ്ദേഹം നടത്തിയ പ്രസംഗത്തിൽ, തന്റെ കേസിനെക്കുറിച്ച് സംസാരിക്കാതെ, ചൈനയുടെ ചില ഭാഗങ്ങളിൽ ഇപ്പോഴും പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ കഴിയാത്ത കത്തോലിക്കരെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. “പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ കഴിയാത്ത ചൈനയിലെ തന്റെ സഹോദരീസഹോദരന്മാർക്ക് സ്വാതന്ത്ര്യമില്ല. നമ്മുടെ സഭയിൽ രക്തസാക്ഷിത്വം സാധാരണമാണ്. അതിനുവേണ്ടി നാം ഒന്നും ചെയ്യേണ്ടതായില്ല. മറിച്ച് ക്രിസ്തുവിനോടുള്ള വിശ്വാസത്തിൽ ഉറച്ചു നിന്നാൽ മതി”- കർദ്ദിനാൾ പറഞ്ഞു.

ഷാങ്ഹായിലെയും ബീജിംഗിലെയും അധികാരികൾ കർശനമായ കോവിഡ് നിയന്ത്രണങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. അതിൽ മതപരമായ ആരാധന ഉൾപ്പെടെയുള്ള ഒരു കാര്യങ്ങൾക്കും ജനങ്ങൾ ഭവനം വിട്ടുപോകരുതെന്ന് നിർദ്ദേശമുണ്ട്. അതുപോലെ 18 വയസ്സിന് താഴെയുള്ള കത്തോലിക്കർക്ക് ചൈനയിൽ പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ നിയമപരമായി അനുവാദമില്ല. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഗവൺമെന്റുമായി വത്തിക്കാൻ താൽക്കാലിക കരാറിൽ ഏർപ്പെട്ടത് തെറ്റായ തീരുമാനമായിരുന്നുവെന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.