
ലോകത്ത് നീതിയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അശ്രാന്തപരിശ്രമത്തെ മാനിച്ച് കർദിനാൾ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിനു പാത്ത് ടു പീസ് ഫൗണ്ടേഷൻ അവാർഡ് നൽകി ആദരിച്ചു. കർദിനാളിന്റെ ദൗത്യത്തിലെ സുപ്രധാന നാഴികക്കല്ലായി, ന്യൂയോർക്കിൽ വച്ചായിരുന്നു അവാർഡ് ദാനച്ചടങ്ങ്.
ഈ ബഹുമതി തന്റെ വ്യക്തിപരമായ നേട്ടങ്ങളെ മറികടക്കുന്നുവെന്നും പരിശുദ്ധ സിംഹാസനത്തിന്റെ ദൗത്യത്തിന്റെ സഹകരണ മനോഭാവം ഉൾക്കൊള്ളുന്നുവെന്നും ഊന്നിപ്പറഞ്ഞുകൊണ്ട് കർദിനാൾ പരോളിൻ, സ്റ്റേറ്റ് സെക്രട്ടേറിയറ്റിനുവേണ്ടി അവാർഡ് സ്വീകരിച്ചു. വി. പോൾ ആറാമൻ മാർപാപ്പയുടെയും വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും ഫ്രാൻസിസ് മാർപാപ്പയുടെയും ഐക്യരാഷ്ട്ര സഭയിലേക്കുള്ള ചരിത്രപരമായ സന്ദർശനങ്ങളെ ഉദ്ധരിച്ച്, സംഘർഷങ്ങളില്ലാത്ത ലോകത്തിനായി തുടർച്ചയായി വന്ന മാർപാപ്പമാർ സ്ഥാപിച്ച പാതയുടെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
കർദിനാൾ പരോളിൻ മുൻ മാർപാപ്പമാരുടെ വാക്കുകളെ പ്രതിഫലിപ്പിച്ചുകൊണ്ട് അവരുടെ സന്ദേശങ്ങളുടെ അടിയന്തിരപ്രസക്തി ഊന്നിപ്പറഞ്ഞു. ആത്മീയവും ധാർമ്മികവുമായ നവീകരണത്തിനായുള്ള പോൾ ആറാമൻ മാർപാപ്പയുടെ ആഹ്വാനം, നന്മതിന്മകൾക്കുള്ള മനുഷ്യരാശിയുടെ കഴിവിനെ അഭിമുഖീകരിക്കാനുള്ള ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ അഭ്യർഥന, മനുഷ്യാവകാശങ്ങൾക്ക് അടിവരയിടുന്ന സാർവത്രികവും മാറ്റമില്ലാത്തതുമായ സത്യങ്ങളെക്കുറിച്ചുള്ള ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സ്ഥിരീകരണം എന്നിവയും അദ്ദേഹം ഉദ്ധരിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹികനീതിക്ക് ഊന്നൽ നൽകുന്നതുമായ ഫ്രാൻസിസ് മാർപാപ്പയുടെ പഠിപ്പിക്കലുകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
ഈ പാരമ്പര്യം ലെയോ പതിനാലാമൻ മാർപാപ്പയിൽ തുടരുന്നുവെന്ന് കർദിനാൾ പരോളിൻ ചൂണ്ടിക്കാട്ടി. ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതിയുടെ പശ്ചാത്തലത്തിൽ സഭയുടെ സാമൂഹിക പഠിപ്പിക്കലുകൾ ഉയർത്തിക്കാട്ടിക്കൊണ്ട് പുതിയ മാർപാപ്പയുടെ പേര് തിരഞ്ഞെടുത്തതിന്റെ പ്രാധാന്യം കർദിനാൾ ഊന്നിപ്പറഞ്ഞു. സമാധാനം, നീതി, മാനുഷിക അന്തസ്സ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ നിരന്തരമായ പ്രതിബദ്ധതയെ ഈ അവാർഡ് അംഗീകരിക്കുന്നു. കൂടാതെ, കൂടുതൽ നീതിയും സമാധാനപൂർണ്ണവുമായ ഒരു ലോകത്തിനായുള്ള സഹകരണശ്രമങ്ങളുടെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.