ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കുവാൻ ബൈഡൻ – പുടിൻ കൂടിക്കാഴ്ചയെ പിന്തുണച്ച് കർദ്ദിനാൾ പരോളിൻ

ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയെ പിന്തുണച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, കർദ്ദിനാൾ പിയട്രോ പരോളിൻ. യുഎസ് പ്രസിഡന്റുമായി കൂടിക്കാഴ്ചയ്ക്ക് പുടിൻ തയ്യാറാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞതിന് പിന്നാലെ റോമിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് കർദ്ദിനാൾ ഇക്കാര്യം പറഞ്ഞത്.

“അന്താരാഷ്ട്ര സമൂഹത്തിലെ എല്ലാവരും യുദ്ധത്തിനെതിരെ പ്രവർത്തിക്കാൻ സജ്ജമാകണം. സംഭാഷണത്തിലൂടെ ഈ യുദ്ധത്തിന് ഒരവസാനം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തൽ നടപ്പിലാക്കാനുമുള്ള സമയം വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. യുദ്ധം അവസാനിപ്പിക്കണം, ഒരു കരാറിൽ എത്തിയില്ലെങ്കിൽ അത് എങ്ങനെ അവസാനിക്കും? ആ നിമിഷം എത്രയും വേഗം വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” -കർദ്ദിനാൾ വെളിപ്പെടുത്തി.

കൈവിലെ സാധാരണക്കാർക്ക് നേരെ റഷ്യൻ സൈന്യം അടുത്തിടെ നടത്തിയ ആക്രമണങ്ങളെ കർദ്ദിനാൾ അപലപിച്ചു. ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹം അറിയിച്ച റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി മാർച്ചിൽ ഹോളി സീയുടെ സ്റ്റേറ്റ് സെക്രട്ടറിയും സംഭാഷണം നടത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.