‘ആണവായുധ നിർമ്മാർജ്ജനം: ഒരു വെല്ലുവിളിയും അനിവാര്യതയും’ – കർദ്ദിനാൾ പരോളിൻ

ആണവായുധങ്ങളുടെ സമ്പൂർണ്ണ നിർമ്മാർജ്ജനത്തിന് “പരസ്പര വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള സംഘാതവും സംയോജിതവുമായ” പ്രതികരണം ആവശ്യമാണെന്ന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ. ആണവായുധ സമ്പൂർണ്ണ നിർമ്മാർജ്ജനത്തിനായുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സഭയുടെ ഉന്നതതല യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആണവായുധങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം നമ്മുടെ പൊതുഭവനത്തിന്റെ ഭാവിക്കും മാനവരാശിയുടെ അസ്തിത്വത്തിനു തന്നെയും ഭീഷണിയായ ആണവായുധോപയോഗ സാധ്യത തള്ളിക്കളയാനാകില്ല എന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. ഉക്രൈൻ യുദ്ധം, യൂറോപ്പിലേക്ക് സായുധസംഘർഷത്തെ കൊണ്ടുവന്നിരിക്കയാണെന്നും ഈ പോരാട്ടത്തോടൊപ്പമുള്ള നിന്ദ്യമായ ആണവായുധ പ്രയോഗഭീഷണി, ലോകം എത്രമാത്രം ആണവയുദ്ധത്തിന്റെ പടുകുഴിയുടെ വക്കിലെത്തിയിരിക്കുന്നുവെന്ന് കാണിച്ചുതരുന്നുവെന്നും കർദ്ദിനാൾ പരോളിൻ പറഞ്ഞു.

മാനവരാശിക്കു മുഴുവൻ വിനാശകരമായ പ്രത്യാഘാതങ്ങളോടെ ഉയർന്നുവരുന്ന ഈ ഭീഷണി, ആണവായുധങ്ങൾ അന്താരാഷ്ട്ര സുരക്ഷയെ തുരങ്കം വയ്ക്കുന്ന വിലേയറിയതും അപകടകരവുമായ ബാധ്യതയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈയൊരു പശ്ചാത്തലത്തിൽ, ‘ആണവായുധങ്ങളുടെ പൂർണ്ണമായ ഉന്മൂലനം എന്ന ആത്യന്തിക ലക്ഷ്യം ഒരു വെല്ലുവിളിയും ധാർമ്മികവും മാനുഷികവുമായ ഒരു അനിവാര്യതയുമായി മാറുന്നു’ എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് കർദ്ദിനാൾ പരോളിൻ പ്രസ്താവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.