ഇറാനിൽ നിന്നും ഒഴിപ്പിച്ച കർദിനാൾ മത്തേയുവുമായി കൂടിക്കാഴ്ച നടത്തി ലെയോ പാപ്പ

​ഇറാനിലെ സംഘർഷഭരിതമായ സാഹചര്യത്തെത്തുടർന്ന് തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട കർദിനാൾ ഡൊമിനിക് മത്തേയു വത്തിക്കാനിലെത്തി ലെയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിച്ചു. മാർച്ച് 11 നായിരുന്നു സുപ്രധാനമായ ഈ കൂടിക്കാഴ്ച നടന്നത്.

​​ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുകയാണ്. ഇറ്റാലിയൻ എംബസിക്കുള്ളിലായിരുന്നു കർദിനാളിന്റെ താമസം. സുരക്ഷാകാരണങ്ങളാൽ എംബസി അടച്ചതോടെ കർദിനാൾ നയതന്ത്രപ്രതിനിധികൾക്കൊപ്പം ഇറാൻ വിട്ടു. അസർബൈജാൻ വഴിയാണ് അദ്ദേഹം റോമിലെത്തിയത്.

ഏകദേശം 2,000 കത്തോലിക്കാ വിശ്വാസികളുള്ള ഇറാനിലെ സഭയെ നയിച്ചിരുന്നത് ഇദ്ദേഹമാണ്. തന്റെ ആരോഗ്യപ്രശ്നങ്ങളും രാഷ്ട്രീയ അസ്ഥിരതകളും വകവയ്ക്കാതെ അദ്ദേഹം വിശ്വാസികൾക്കൊപ്പം നിലകൊണ്ടിരുന്നു. ​ബെൽജിയം സ്വദേശിയായ ഇദ്ദേഹത്തെ 2024 ൽ ഫ്രാൻസിസ് മാർപാപ്പയാണ് കർദിനാളായി ഉയർത്തിയത്.

നിലവിലെ യുദ്ധസാഹചര്യങ്ങളിൽ ഇറാനിലെ ക്രൈസ്തവസമൂഹത്തിന്റെ സുരക്ഷയെക്കുറിച്ച് വത്തിക്കാൻ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.