‘കൊല്ലപ്പെട്ടവരെ ഓർത്ത് ഞങ്ങൾ കരയുന്നു’: നൈജീരിയയിലെ കൂട്ടക്കൊലയിൽ വേദനയോടെ കർദ്ദിനാൾ

കഴിഞ്ഞയാഴ്ച നൈജീരിയയിലെ സാംഫറ സ്റ്റേറ്റിൽ തോക്കുധാരികളായ സംഘങ്ങൾ 200 പേരെ കൊലപ്പെടുത്തിയതിന്റെ വേദന പങ്കുവച്ച് കർദ്ദിനാൾ ജോൺ ഒനായേക്കൻ. കഴിഞ്ഞ അഞ്ചു വർഷങ്ങളായി സായുധരായ കൊള്ളക്കാർ വടക്കുപടിഞ്ഞാറൻ നൈജീരിയയെ ആക്രമിക്കുകയും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതായി അദ്ദേഹം വെളിപ്പെടുത്തി.

“അവർ കർഷകരുടെ വയലുകൾ ആക്രമിക്കുന്നു, കർഷകരെ കൊല്ലുന്നു. ആരും ഒന്നും പറയുന്നില്ല. മാത്രമല്ല ആളുകളെ തട്ടിക്കൊണ്ടു പോകലും ഇവിടെ പതിവാണ്” – ജനുവരി പത്തിനു പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ കർദ്ദിനാൾ പറഞ്ഞു.

കഴിഞ്ഞയാഴ്ച മോട്ടോർ ബൈക്കുകളിലെത്തിയ കൊള്ളസംഘങ്ങൾ മൂന്നു ദിവസത്തിനിടെ ഒമ്പതു ഗ്രാമങ്ങളിൽ ആക്രമണം നടത്തി. ഈ ആക്രമണങ്ങളിൽ കുറഞ്ഞത് 200 പേരെങ്കിലും കൊല്ലപ്പെട്ടു. ഈ മാസത്തെ അക്രമത്തിൽ ഏകദേശം 10,000 പേരെ മാറ്റിപ്പാർപ്പിച്ചതായി കണക്കാക്കുന്നു. ഏഴ് മാസത്തോളമായി തടവിലായിരുന്ന, തട്ടിക്കൊണ്ടു പോകപ്പെട്ട 30 വിദ്യാർത്ഥികളുടെ മോചനവും നൈജീരിയയിൽ തന്നെയാണ്. സായുധരായ കൊള്ളക്കാർ നൂറുകണക്കിന് കുട്ടികളെയും അധ്യാപകരെയും മോചനദ്രവ്യത്തിനായി ഇപ്പോഴും കൈവശം വച്ചിരിക്കുന്നത് അംഗീകരിക്കാനാവുന്നതല്ല എന്നും രാജ്യത്തിന്റെ തലസ്ഥാന നഗരമായ അബുജയിലെ 77-കാരനായ കർദ്ദിനാൾ പറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് നൈജീരിയയിൽ കഴിഞ്ഞ വർഷം 1,400 -ലധികം കുട്ടികളെയാണ് തട്ടിക്കൊണ്ടു പോയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.