സ്പാനിഷ് കർദ്ദിനാൾ കാർലോസ് അമിഗോ അന്തരിച്ചു

സ്പാനിഷ് കർദ്ദിനാൾ കാർലോസ് അമിഗോ അന്തരിച്ചു. അദ്ദേഹത്തിന് 87 വയസ്സായിരുന്നു. ഏപ്രിൽ 27-ന് സെവില്ലെ ആർച്ചുബിഷപ്പ് ജോസ് ഏഞ്ചൽ സൈസ് മെനെസെസിന്റെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് ഈ വാർത്ത പുറത്തുവിട്ടത്.

ക്രൈസ്തവരും മുസ്ലീങ്ങളും യഹൂദന്മാരും തമ്മിലുള്ള സംവാദത്തിന്റെ മധ്യവർത്തിയായിരുന്നു കർദ്ദിനാൾ കാർലോസ്. ഇടത് ശ്വാസകോശത്തിൽ നിന്ന് ദ്രാവകം നീക്കം ചെയ്യുന്നതിനായി ഏപ്രിൽ 25-ന് അദ്ദേഹം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഓപ്പറേഷനെ തുടർന്ന് ആരോഗ്യം ക്ഷയിച്ച കർദ്ദിനാൾ സ്പെയിനിലെ ഗ്വാഡലജാരയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ച് ഹൃദയസ്തംഭനം മൂലമാണ് അന്തരിച്ചത്. മാഡ്രിഡിലെ അൽമുദേന കത്തീഡ്രലിൽ പരിശുദ്ധ കുർബാനയ്ക്കിടെ വീണതിനെ തുടർന്ന് ഇടുപ്പിന് പരിക്കേറ്റ കർദ്ദിനാൾ ഫെബ്രുവരി അവസാനവാരത്തിലും ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അദ്ദേഹത്തിന്റെ സംസ്കാരം ഏപ്രിൽ 30-ന് സെവില്ലെ കത്തീഡ്രലിൽ നടക്കും.

1934 ആഗസ്റ്റ് 23-ന് സ്പാനിഷ് പട്ടണമായ മദീന ഡി റിയോസെക്കോയിലാണ് കർദ്ദിനാൾ കാർലോസ് ജനിച്ചത്. വി. ജോൺപോൾ രണ്ടാമൻ പാപ്പായാണ് 2003-ൽ ഫാ. അമിഗോയെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.