വാഴ്ത്തപ്പെട്ട ആർത്തെമൈഡ് സാത്തിയെ വിശുദ്ധനായി പ്രഖ്യാപിക്കാനൊരുങ്ങി ഫ്രാൻസിസ് മാർപാപ്പ

വാഴ്ത്തപ്പെട്ട ആർത്തെമൈഡ് സാത്തിയെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള അത്ഭുതത്തിന് ഏപ്രിൽ ഒൻപതിന് അംഗീകാരം നൽകി ഫ്രാൻസിസ് മാർപാപ്പ. 1951- ൽ കരൾ അർബുദത്തെ തുടർന്നാണ് സലേഷ്യൻ തുണസഹോദരനും ഒരു നേഴ്‌സുമായ ഇദ്ദേഹം മരണമടഞ്ഞത്.

1897- ൽ തന്റെ പതിനാറാമത്തെ വയസ്സിൽ ഇറ്റലിയിൽ നിന്ന് അർജന്റീനയിലേക്ക് കുടിയേറിയതാണ് സാത്തിയുടെ കുടുംബം. അർജന്റീനയിലെ ബാഹിയ ബ്ലാൻസാ നഗരത്തിലെ സലേഷ്യൻ വൈദികർ സേവനം ചെയ്യുന്ന ദേവാലയത്തിലാണ് സാത്തി പ്രാർത്ഥനകൾക്കായി പോയിരുന്നത്. തന്റെ ഇരുപതാമത്തെ വയസ്സിൽ സാത്തി, സലേഷ്യൻ സന്യാസസഭയിൽ അംഗമാകാനായി ചേർന്നു. വൈദിക പരിശീലനക്കാലത്ത് സാത്തി ക്ഷയരോഗബാധിതനായ ഒരു വൈദികനെ ശുശ്രൂഷിച്ചതിനെത്തുടർന്ന് അദ്ദേഹവും ക്ഷയരോഗിയായി.

ഈ സാഹചര്യത്തിൽ പരിശുദ്ധ മാതാവിനോട് മാധ്യസ്ഥം പ്രാർത്ഥിക്കാൻ സാത്തിയെ ഉപദേശിച്ചത് നേഴ്‌സായ ഒരു സലേഷ്യൻ വൈദികനാണ്. തനിക്ക് രോഗസൗഖ്യം ലഭിച്ചാൽ താനും രോഗികളെ ശുശ്രൂഷിക്കുന്നതിനായി ജീവിതം സമർപ്പിക്കുമെന്ന് അദ്ദേഹം മാതാവിന് വാക്കുകൊടുത്തു. തത്‌ഫലമായി രോഗസൗഖ്യം ലഭിച്ച സാത്തി ഒരു വൈദിനാകാനുള്ള തന്റെ ആഗ്രഹത്തെ ഉപേക്ഷിച്ചു. പകരം സലേഷ്യൻ സന്യസസഭയിൽ ഒരു തുണസഹോദരനായി ജീവിക്കാൻ തീരുമാനിച്ചു. അർജന്റീനയിലെ വിയെദ്മ നഗരത്തിൽ സലേഷ്യൻ സന്യാസമൂഹത്തിന് ഒരു ആശുപത്രിയുണ്ട്. തന്റെ മുപ്പത്തഞ്ചാമത്തെ വയസ്സിൽ സാത്തി ഈ ആശുപത്രിയുടെ ഡയറക്ടറായി. രണ്ട് വർഷത്തിനുശേഷം അദ്ദേഹം ഒരു നേഴ്‌സുമായി.

ഒരു നേഴ്‌സായ തന്റെ സേവനം സാത്തി ആശുപത്രിയുടെ നാല് ചുവരുകൾക്കുള്ളിൽ മാത്രം അദ്ദേഹം ഒതുക്കിയില്ല. പിന്നെയോ രോഗികളായിട്ടുള്ളവരെ പരിചരിക്കാൻ അദ്ദേഹം നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലേക്കും ഇറങ്ങിച്ചെന്നു. രോഗികളിലും വേദനിക്കുന്നവരിലും സാത്തി ദർശിച്ചത് ക്രിസ്തുവിനെത്തന്നെയായിരുന്നു. വളരെ വേഗത്തിൽ തന്നെ സാത്തി വിശുദ്ധനായ ഒരു നേഴ്‌സാണെന്ന് ജനങ്ങൾ പറയാനും തുടങ്ങി.

1950- ൽ ഏണിയിൽ നിന്ന് വീണ് സാത്തിക്ക് പരുക്കേറ്റു. തുടർന്ന് സാത്തിയിൽ കരൾ അർബുദത്തിന്റെ അടയാളങ്ങൾ കണ്ടു തുടങ്ങി. 1951 മാർച്ച് 15- ന് തന്റെ എഴുപതാമത്തെ വയസ്സിലാണ് അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപെട്ടത്.

സലേഷ്യൻ തുണസഹോദരന്മാരിൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യത്തെ വ്യക്തിയാണ് വാഴ്ത്തപ്പെട്ട ആർത്തെമൈഡ് സാത്തി. ഇദ്ദേഹത്തോടൊപ്പം മറ്റ് ഒൻപത് പേരെയുംകൂടി വിശുദ്ധരായി പ്രഖ്യാപിക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഫ്രാൻസിസ് പാപ്പാ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.