ബ്രസീലിയൻ കർദ്ദിനാൾ ക്ലോഡിയോ ഹമ്മസ് അന്തരിച്ചു

ബ്രസീലിയൻ കർദ്ദിനാൾ ക്ലോഡിയോ ഹമ്മസ് ജൂലൈ നാലിന് അന്തരിച്ചു. സാവോ പോളോയുടെ മുൻ ആർച്ചുബിഷപ്പായ അദ്ദേഹത്തിന് 87 വയസായിരുന്നു.

ശ്വാസകോശാർബുദത്തെ തുടർന്ന് ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. സാവോ പോളോയിലെ നിലവിലെ ആർച്ചുബിഷപ്പ് കർദ്ദിനാൾ ഒഡിലോ പെഡ്രോ ഷെറരാണ് ഈ വാർത്ത ഔദ്യോഗികമായി അറിയിച്ചത്. സാവോ പോളോയിലെ മെട്രോപൊളിറ്റൻ കത്തീഡ്രലിൽ കർദ്ദിനാളിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി ഭൗതികശരീരം പൊതുദർശനത്തിനു വയ്ക്കുമെന്നും കർദ്ദിനാൾ ഒഡിലോ അറിയിച്ചിട്ടുണ്ട്.

1934 ആഗസ്റ്റ് എട്ടിന് ബ്രസീലിലെ മോണ്ടിനെഗ്രോയിൽ ജനിച്ച കർദ്ദിനാൾ, 1958-ലാണ് ഫ്രാൻസിസ്കൻ വൈദികനായി അഭിഷിക്തനായത്. 1975 മാർച്ച് മാസത്തിൽ, സാന്റോ ആന്ദ്രെയുടെ സഹായമെത്രാനായി നിയമിതനായ അദ്ദേഹത്തെ ഡിസംബറിൽ ബിഷപ്പായും നിയമിച്ചു. 1996-ലാണ് കർദ്ദിനാൾ ക്ലോഡിയോ ഫോർട്ടലേസയിലെ ആർച്ചുബിഷപ്പായി സ്ഥാനമേൽക്കുന്നത്.1998-ൽ അദ്ദേഹം സാവോ പോളോയുടെ ആർച്ചുബിഷപ്പായും നിയമിതനായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.