പതിവ് തെറ്റിയില്ല: തിരുനാൾ ദിനത്തിൽ വി. ജാനൂരിയസിന്റെ രക്തം ദ്രാവകരൂപത്തിലായി

പതിവു പോലെ വി. ജാനൂരിയസിന്റെ തിരുശേഷിപ്പായ രക്തക്കട്ട ദ്രാവകരൂപത്തിലായി മാറി. നേപ്പിൾസിൽ സ്വർഗ്ഗാരോപിത മാതാവിന്റെ കത്തീഡ്രലിൽ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പായ രക്തക്കട്ട, ദ്രാവകരൂപത്തിലായി മാറുകയായിരുന്നു. വിശുദ്ധന്റെ തിരുനാൾ ദിവസമായ സെപ്റ്റംബർ 19-ാം തീയതി, രക്തക്കട്ട ദ്രാവകമായി മാറുന്ന അത്ഭുതകരമായ സംഭവത്തിന് വര്‍ഷങ്ങളായി ഈ ദേവാലയം സാക്ഷ്യം വഹിക്കുകയാണ്. വിശുദ്ധ കുര്‍ബാന മദ്ധ്യേയാണ് ഈ അദ്ഭുതം സംഭവിച്ചത്.

“ക്രിസ്തുവിനും സഹോദരന്മാർക്കും വേണ്ടി മരണംവരിച്ച ബിഷപ്പ് ജാനുവാരിസ് ചൊരിയപ്പെട്ട രക്തത്തിന്റെ അടയാളം നമ്മോട് പറയുന്നത് നന്മയും സൗന്ദര്യവും നീതിയും എന്നും എപ്പോഴും വിജയിക്കുമെന്നാണ്. ക്രിസ്തു ചൊരിഞ്ഞ രക്തത്തോടും എല്ലാ സ്ഥലങ്ങളിലെയും കാലങ്ങളിലെയും എല്ലാ രക്തസാക്ഷികളുടേയും രക്തവുമായി ഐക്യപ്പെടുന്ന ഈ രക്തത്തിന്റെ അർത്ഥം ഇതാണ്, സ്നേഹം എപ്പോഴും വിജയിക്കും.” -നേപ്പിൾസിലെ ആർച്ച് ബിഷപ്പ് ഡൊമെനിക്കോ ബറ്റാഗ്ലിയ പറഞ്ഞു.

വി. ജാനൂരിയസ് നേപ്പിൾസിന്റെ സംരക്ഷകനാണ്. മൂന്നാം നൂറ്റാണ്ടിൽ നേപ്പിൾസ് നഗരത്തിലെ ബിഷപ്പായിരുന്ന ഇദ്ദേഹം, ഡയോക്ലിഷ്യൻ ചക്രവർത്തിയുടെ മതപീഡന കാലത്ത് രക്തസാക്ഷിയായി മാറി. ഇദ്ദേഹത്തിന്റെ തിരുനാൾ ദിവസം പല പ്രാവശ്യം ഇപ്രകാരം അത്ഭുതകരമായി രക്തം ദ്രാവകരൂപത്തിൽ കാണപ്പെട്ടിരുന്നു. എന്നാൽ ഇതിന് സാർവത്രിക സഭയുടെ അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും അനേകരെ വിശ്വാസത്തിൽ ആഴപ്പെടുത്തുവാൻ ഇത് കാരണമായി. വർഷത്തിൽ മൂന്നു പ്രാവശ്യമാണ് വിശുദ്ധന്റെ രക്തം ദ്രാവകരൂപത്തിൽ ആകുന്നത്. തിരുനാൾ ദിനത്തിലും മെയ്മാസത്തിലെ ആദ്യ ഞായറാഴ്ചയ്ക്കു മുൻപുള്ള ശനിയാഴ്ചയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.