കാമറൂണിലെ കത്തി നശിച്ച ദൈവാലയത്തിൽ നിന്നും കേടുപാടുകൂടാതെ ദിവ്യകാരുണ്യം കണ്ടെത്തി

കാമറൂണിൽ ആക്രമികൾ തീയിട്ടു നശിപ്പിക്കുവാൻ ശ്രമിച്ച ദൈവാലയത്തിൽ നിന്നും തിരുവോസ്തികൾ കേടുകൂടാതെ കണ്ടെത്തി. മാംഫെ ബിഷപ്പ് അലോഷ്യസ് ഫോണ്ടോങ് ആണ് അദ്ഭുതകരമായ വിധത്തിൽ അഗ്നിയെ അതിജീവിച്ച ദിവ്യകാരുണ്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്. സെപ്റ്റംബർ 16-ന് രാത്രി സായുധരായ ആളുകൾ മാംഫെ രൂപതയിലെ ഞ്ചാങ് പട്ടണത്തിലെ സാന്താ മരിയ ദൈവാലയം ആക്രമിച്ചത്.

ആക്രമികൾ ദൈവാലയത്തിന് തീയിടുകയും അഞ്ച് വൈദികരെയും ഒരു സന്യാസിനിയെയും മൂന്ന് വിശ്വാസികളെയും തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് കത്തിനശിച്ച ദൈവാലയത്തിൽ ബിഷപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയും സക്രാരി തുറന്നു കേടുകൂടാതെ ഇരുന്ന ദിവ്യകാരുണ്യം സുരക്ഷിത സ്ഥാനത്തേയ്ക്ക് നീക്കം ചെയ്യുകയും ചെയ്തു.

“സംഭവിച്ചത് ഭയാനകമാണ്. അവർ ദൈവത്തിന്റെ ക്ഷമ പരീക്ഷിക്കുകയാണ്. പണമുണ്ടാക്കാനുള്ള എളുപ്പമാർഗമായി സഭയെ കാണുന്ന ഗ്രൂപ്പുകളാണ് ആക്രമണത്തിനും തട്ടികൊണ്ട് പോകലിനും പിന്നിൽ,”- മാംഫെ ബിഷപ്പ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.