
വാഴ്ത്ത. കാർലോ അക്കുത്തിസിന്റെ ഭൗതികശരീരം അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്ന അസീസിയിലെ സാന്റുവാരിയോ ഡെല്ല സ്പോഗ്ലിയാസിയോണിൽ സ്ഥിരമായി പ്രദർശിപ്പിക്കും. ജൂൺ ഒന്നിന് അസ്സീസി രൂപതയാണ് ഈ വാർത്ത പുറത്തുവിട്ടത്.
ബിഷപ്പ് മോൺസിഞ്ഞോർ ഡൊമെനിക്കോ സോറന്റിനോയാണ് വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസിന്റെ ശവകുടീരം പൊതുജനങ്ങൾക്കായി വീണ്ടും തുറക്കാൻ തീരുമാനിച്ചത്. “വി. ഫ്രാൻസിസിന്റെയും വാഴ്ത്ത. കാർലോ അക്കുത്തിസിന്റെയും ഭൗതികശരീരങ്ങൾ കർത്താവിനെ കണ്ടുമുട്ടാനുള്ള വഴികളാണ്. ശവകുടീരത്തിൽ വച്ചിരിക്കുന്ന ഇവരുടെ ചിത്രങ്ങൾ ക്രിസ്തുവിലേക്ക് വിരൽ ചൂണ്ടുന്നു. സുവിശേഷത്തിന്റെ വെളിച്ചത്തിലേക്ക് പ്രവേശിക്കാനും വിശ്വാസത്തിന്റെ അഗാധമായ അനുഭവം നേടാനും ഈ സ്മാരകങ്ങൾ തീർത്ഥാടകരെ പ്രോത്സാഹിപ്പിക്കും” – ബിഷപ്പ് ഡൊമെനിക്കോ പറഞ്ഞു.
1991 മെയ് മൂന്നിന് ലണ്ടനിലാണ് വാഴ്ത്ത. കാർലോ അക്കുത്തിസ് ജനിച്ചത്. 2006 ഒക്ടോബർ 12-ന്, തന്റെ പതിനഞ്ചാമത്തെ വയസിലാണ് അദ്ദേഹം നിത്യസമ്മാനത്തിനായി യാത്രയായത്.